മാവേലിക്കര: പ്രിയപ്പെട്ടവരുടെ ശവസംസ്‌കാരത്തിന് നഗരസഭയിലെ ഭൂരഹിതർ നെട്ടോട്ടമോടുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമിച്ച വാതകശ്മശാനം തുരുമ്പെടുത്ത് നശിക്കുന്നു. ശ്മശാനം പ്രവർത്തിക്കാത്തതിനാൽ നഗരസഭ അതിർത്തിയിലെ ഭൂരഹിതർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നഗരസഭ പ്രദേശത്ത് മറ്റ് ശ്മശാനങ്ങളുമില്ല. കോവിഡ്കാലത്ത് ബന്ധുക്കളുടെ സംസ്കാരത്തിന് കായംകുളത്തെയും തിരുവല്ലയിലെയും ആലപ്പുഴയിലെയും മറ്റും പൊതുശ്മശാനങ്ങളെയാണ് ഇവർ ആശ്രയിച്ചത്. വാതകശ്മശാനത്തിനടുത്ത് പരമ്പരാഗത ശ്മശാനത്തിൽ കണ്ടിയൂർ സ്വദേശികളുടെ മൃതദേഹം സംസ്‌കരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. നഗരസഭ പരിധിയിലെ മറ്റു പ്രദേശങ്ങളിലുള്ള ഭൂരഹിതർ ബന്ധുക്കളുടെ സംസ്‌കാരത്തിനായി മറ്റിടങ്ങളെ ആശ്രയിക്കണം. 2005ൽ അന്നത്തെ എം.എൽ.എ, എം. മുരളിയുടെ പ്രാദേശിക വികസനഫണ്ടും നഗരസഭയുടെ പദ്ധതിവിഹിതവും ചേർത്ത് 14 ലക്ഷം രൂപ ഉപയോഗിച്ചാണ് കണ്ടിയൂർ കാളച്ചന്തയിൽ വാതകശ്മശാന നിർമാണം ആരംഭിച്ചത്. 2008ൽ നിർമാണം പൂർത്തീകരിച്ച് തുറന്നു. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്‌കരിച്ചത്. വൈദ്യുതി മുടങ്ങുന്നത് സുഗമമായ പ്രവർത്തനത്തിന് തടസ്സമായതോടെ പിന്നീട് ശ്മശാനം അടച്ചിട്ടു. നഗരസഭ ജനറേറ്റർ സ്ഥാപിച്ചശേഷം വീണ്ടും തുറന്നെങ്കിലും ഏറെനാൾ പ്രവർത്തനം മുന്നോട്ടുപോയില്ല. പുകക്കുഴൽ ശരിയായി പ്രവർത്തിക്കാത്തതായിരുന്നു കാരണം. ചൂള സ്ഥാപിച്ചിരിക്കുന്ന മുറിക്കുള്ളിൽ പുക തിങ്ങുന്നതായിരുന്നു മറ്റൊരുപ്രശ്നം. പ്രശ്നം പരിഹരിക്കുന്നതിന് കഴിഞ്ഞ നഗരസഭ ഭരണസമിതി ഏഴുലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. ശ്മശാനം പ്രവർത്തിക്കുന്നില്ലെങ്കിലും ആയിരക്കണക്കിന് രൂപയാണ് വൈദ്യുതി ചാർജ് ഇനത്തിൽ നഗരസഭ അടക്കേണ്ടിവരുന്നത്. കണ്ടിയൂർ വാതകശ്മശാനത്തിന്‍റെ നവീകരണത്തിനായി നഗരസഭ വർഷംതോറും ബജറ്റിൽ തുക നീക്കിവെക്കാറുണ്ടെങ്കിലും തുടർനടപടി ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. നവീകരണത്തിന് നടപടി -നഗരസഭ ചെയർമാൻ കണ്ടിയൂർ വാതകശ്മശാനത്തിന്‍റെ നവീകരണത്തിനായി കൗൺസിൽ ചേർന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിദഗ്ധരുമായി ആലോചിച്ച് ശ്മശാനത്തിന്‍റെ തകരാർ ശാശ്വതമായി പരിഹരിക്കുന്നതിന് നടപടിയെടുക്കും കെ.വി. ശ്രീകുമാർ, നഗരസഭ ചെയർമാൻ ഫോട്ടോ: APL MAVELIKKARA -കണ്ടിയൂർ വാതകശ്മശാനം APL MAVELIKKARA 1 കെ.വി. ശ്രീകുമാർ, നഗരസഭ ചെയർമാൻ, മാവേലിക്കര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.