എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു; കാർ യാത്രക്കാരൻ രക്ഷപ്പെട്ടു

ചാരുംമൂട്: കുടശ്ശനാട്​ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു. ആക്രമണത്തിൽ കാർ യാത്രികനായ എസ്.ബി.ഐ ജീവനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു. എസ്.ബി.ഐ അടൂര്‍ ശാഖയിലെ സീനിയര്‍ അസോസിയേറ്റ് കൊല്ലം പോരുവഴി മലനട സ്വദേശി ഗിരീഷാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആറാട്ട് ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പന്തളം-നൂറനാട് റോഡിലെ ആക്കമുക്കില്‍ ​വെച്ച് ആന ഇടഞ്ഞത്. കുളനടയില്‍ മരണവീട്ടില്‍ പോയശേഷം പോരുവഴിക്ക്​ പോകുകയായിരുന്നു ഗിരീഷ്. മൂന്ന് ആനയാണ്​ എഴുന്നള്ളത്തിന് ഉണ്ടായിരുന്നത്. എഴുന്നള്ളത്തിന്റെ പിന്നിലുണ്ടായിരുന്ന ആന പെട്ടെന്ന് റോഡിന്റെ വശത്തുണ്ടായിരുന്ന കാറിനുനേരെ തിരിയുകയായിരുന്നു. കാറില്‍ ആനയുടെ കൊമ്പുകൊണ്ട്​ കുത്തേറ്റു. ഗിരീഷ് കാറിന്റെ എതിര്‍വശത്തെ വാതില്‍ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. റോഡില്‍ തന്നെ തിടമ്പേറ്റിനിന്ന ആനയെ ഒരു മണിക്കൂറിനുശേഷമാണ് തളച്ചത്. ഈ സമയമത്രയും ആനയുടെ പുറത്ത് തിടമ്പുമായി രണ്ടുപേര്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് കാര്‍ എടുത്തുകൊണ്ടുപോകാനായത്. മുന്നിലുണ്ടായിരുന്ന ആനകളുമായി എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുകയും ചെയ്തു. നൂറനാട് പൊലീസില്‍ ഗിരീഷ് പരാതി നല്‍കി. ഫോട്ടോ: ഉത്സവത്തിനെത്തിച്ച ആന കാറിന് സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.