കുട്ടികൾക്ക്​ ഇനി ഉല്ലസിക്കാം; ആലപ്പുഴ വിജയ്​ ബീച്ച്​ പാർക്കിൽ പുതിയ കളിക്കോപ്പുകൾ

നാല്​ കളിയുപകരണങ്ങൾ ഇന്നെത്തും ആലപ്പുഴ: വിനോദസഞ്ചാര വകുപ്പ്​ ആലപ്പുഴ വിജയ്​ ബീച്ച്​ പാർക്ക്​ നവീകരിക്കുന്നതിന്‍റെ ഭാഗമായി കുട്ടികൾക്ക്​ ഉല്ലസിക്കാൻ 10 പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കും. കടപ്പുറത്തെ പാർക്കിൽ (അമ്യൂസ്​ വേൾഡ്​) നശിച്ചതും​ ഉപയോഗശൂന്യവുമായ പഴയകളി ഉപകരണങ്ങൾ നീക്കിയാണ്​ പുതിയവ സ്ഥാപിക്കുന്നത്​. ആദ്യഘട്ടത്തിലെ നാല് കളിയുപകരണങ്ങൾ ബുധനാഴ്ച എത്തുമെന്ന്​ ഡി.ടി.പി.സി ​സെക്രട്ടറി ലിജോ 'മാധ്യമ'ത്തോട്​ പറഞ്ഞു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ പ്രത്യേക ഫണ്ട്​ ഉപയോഗിച്ചാണ്​ പുതിയ കളിക്കോപ്പുകൾ വാങ്ങുന്നത്​. ഈമാസം അവസാനത്തോടെ മുഴുവൻ കളിയുപകരണങ്ങളും എത്തും. ഇതിനൊപ്പം പാർക്കിന്‍റെ അകത്തെ നീന്തൽകുളം അടക്കമുള്ള മറ്റ്​ സംവിധാനങ്ങളും നവീകരിക്കും. ഇതിനായി വിനോദസഞ്ചാര വകുപ്പ്​ പ്രത്യേക പദ്ധതി തയാറാക്കി സർക്കാറിന്​ സമർപ്പിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തിൽ ബീച്ചും പാർക്കുമൊക്കെ ഏറെനാൾ അടഞ്ഞുകിടന്നതോടെയാണ്​ പലകളിക്കോപ്പുകളും ഉപയോഗശൂന്യമായത്​. കുട്ടികൾക്ക്​ ഉല്ലാസം പകരുന്ന വിവിധങ്ങളായ കളിക്കോപ്പുകൾ, വ്യത്യസ്ത വലുപ്പത്തിലെ ഊഞ്ഞാലുകൾ, പെഡൽ ബോട്ടുകൾ തുടങ്ങിയ അടക്കമുള്ള സംവിധാനം നിലവിലുണ്ട്​. ഇതിനു​ പുറമെയാണ്​ പുതിയ കളിയുപകരണങ്ങൾ കൂടിയെത്തുന്നത്​. പാർക്കിലെ കളിക്കോപ്പുകൾ നശിക്കുന്നതിൽ സോഷ്യൽമീഡിയയിൽ വ്യാപകവിമർശനം ഉയർന്നിരുന്നു. ഇതിനു​ പിന്നാലെ ഡി.ടി.പി.സി ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർക്കിലെ ഉപകരണങ്ങളുടെ പരിശോധന നടത്തിയശേഷമാണ്​ പുതിയത്​​ വാങ്ങാൻ തീരുമാനിച്ചത്​. ഇതിനൊപ്പം കാലപ്പഴക്കത്താൽ അപകടസാധ്യതയുള്ള കളിക്കോപ്പുകളിൽ കുട്ടികൾ കയറാതിരിക്കാൻ റിബൺകെട്ടി വേർതിരിച്ചിട്ടുണ്ട്​. കോവിഡ്​ ഇളവിൽ ബീച്ചും പാർക്കും സജീവമായതോടെ തിരക്കും​ വർധിച്ചിട്ടുണ്ട്​. ആലപ്പുഴ ബീച്ച്​ ​തദ്ദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമാണ്​. പഴയപ്രതാപത്തിന്‍റെ ഓർമകൾ തിരയടിക്കുന്ന കടൽപാലം കടലെടുത്തെങ്കിലും ആലപ്പുഴ തുറമുഖത്തിന്‍റെ മുഖമുദ്രയായ നൂറ്റാണ്ടുകൾ പഴക്കമുള്ള ലൈറ്റ്​ ഹൗസ്​​ പ്രധാന ആകർഷകമാണ്​. ആലപ്പുഴ ബൈപാസ്​ തുറന്നതോടെ വാഹനയാത്രക്കാർക്കും കടലോരക്കാഴ്ച ആസ്വദിക്കാനാകും. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി നാവികസേനയുടെ പഴയയുദ്ധക്കപ്പൽ (ഫാസ്റ്റ്​ അറ്റാക് ക്രാഫ്റ്റ് (ഇൻഫാക്) ടി-81) കടൽത്തീരത്ത്​ പ്രത്യേക പ്ലാറ്റ്​ ഫോമിൽ നിലയുറപ്പിച്ചിട്ട്​ നാലുമാസമായി. കപ്പൽ കാണാനും ഒപ്പം ചേർത്ത്​ ഫോട്ടോയെടുക്കാനും ദിനംപ്രതി ആളുകൾ എത്തുന്നുണ്ടെങ്കിലും അകത്ത്​ കയറിക്കാണാനുള്ള അവസരം ഇനിയും കിട്ടിയിട്ടില്ല. APL MB 01 Vijay Park പുതിയ കളിക്കോപ്പുകൾ സ്ഥാപിക്കുന്ന ആലപ്പുഴ വിജയ്​ ബീച്ച്​ പാർക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.