ഇളവ്​ പിൻവലിച്ച്​ എണ്ണക്കമ്പനികൾ യാത്ര ഫ്യുവൽസ്​ പ്രയോജനപ്പെടുത്തി നേരിടാൻ കെ.എസ്​.ആർ.ടി.സി

ആലപ്പുഴ: എണ്ണക്കമ്പനികൾ ഇളവ്​ പിൻവലിച്ചതോടെ സംജാതമായ വലിയ തോതിലെ ഇന്ധന വിലവർധന​ നേരിടാൻ കെ.എസ്​.ആർ.ടി.സി അധികൃതർ രംഗത്ത്​. ഡിപ്പോകളോടനുബന്ധിച്ച്​ അടുത്ത നാളിൽ കെ.എസ്​.ആർ.ടി.സി നിയന്ത്രണത്തിൽ തുറന്ന യാത്ര ഫ്യുവൽസിൽനിന്ന്​ ജില്ലയിലെ മുഴുവൻ ഡിപ്പോയിലും ഡീസൽ എത്തിച്ച്​ വിലവർധന​ നേരിടാനാണ്​ തീരുമാനം. പൊതുജനങ്ങൾക്കുകൂടി ഇന്ധനം നിറക്കാവുന്ന തരത്തിൽ കെ.എസ്​.ആർ.ടി.സിയുടെ ഉടമസ്ഥതയിൽ എണ്ണക്കമ്പനികളുമായി കരാറുണ്ടാക്കി തുറന്ന പമ്പുകളാണ്​ യാത്ര ഫ്യുവൽസ്​.​ ചേർത്തലയി​ലെ പമ്പിൽനിന്ന്​ ജില്ലയിലെ ആലപ്പുഴയടക്കം വിവിധ ഡിപ്പോകളിലേക്ക്​ ഓയിൽ ടാങ്കറുകളിൽ ഡീസൽ ശേഖരിച്ച്​ ഡിപ്പോകൾ തോറുമുള്ള സ്വന്തം പമ്പുകളിൽ നിറച്ച്​ ആവശ്യാനുസരണം ബസുകൾക്ക്​ നൽകുന്നതാണ്​ രീതി. പമ്പുകളില്ലാത്ത ഡിപ്പോകളിൽ ഇപ്പോൾ തുടരുന്ന രീതിയിൽ സൗകര്യപ്രദമായിടത്തുനിന്ന്​ ബസുകൾ ഡീസൽ നിറക്കും. ഇത്​ ഫല​പ്രദമായി നടപ്പാക്കുന്നതിനാണ് ​ശ്രമമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഇത്​ തുടങ്ങിയെന്നും ഡിസ്​ട്രിക്ട്​ ട്രാൻസ്​പോർട്ട്​ ഓഫിസർ (ഡി.ടി.ഒ) വി. അശോക്​ കുമാർ പറഞ്ഞു. യാത്ര ഫ്യുവൽസിൽ മറ്റ്​ സ്വകാര്യപമ്പുകൾക്ക്​ ലഭിക്കുന്ന വിലയിലാണ്​ ഇന്ധനം എണ്ണക്കമ്പനികളിൽനിന്ന്​ കിട്ടുന്നത്​. പുറമെ ടാങ്കർ ലോറികൾ ഓടുന്നതിന്‍റെ ചെലവ്​ മാത്രമാണ്​ അധികമായി വരുക. ജില്ലയിൽ നിലവിൽ 20 ടാങ്കറുകൾ കെ.എസ്​.ആർ.ടി.സിക്ക്​ സ്വന്തമായുണ്ട്​. ഇന്ധനവില വർധന വഴി ജില്ലയിൽ മാത്രം പ്രതിദിനം രണ്ട്​ ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത വരുമായിരുന്നു. ശരാശരി 20,000 ലിറ്റർ ഡീസലാണ്​ വേണ്ടിവരുന്നത്​. ലിറ്റർ ഒന്നിന്​ 89.04 ൽ നിന്ന്​ 98.15 രൂപയായാണ്​ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്​. ബൾക്ക്​ പർച്ചേസ്​​ കണക്കിലെടുത്ത്​ നൽകിയിരുന്ന ഇളവ്​ പിൻവലിച്ചത്​ കൂടാതെ അധിക നിരക്കും ചുമത്തിയതോടെയാണ്​ വില ഇത്രയും കൂടിയത്​. കൂടുതൽ ഇന്ധനം വാങ്ങുന്ന സ്ഥാപനങ്ങൾക്കുള്ള വില എണ്ണക്കമ്പനികൾ കുത്തനെ വർധിപ്പിച്ചത്​ കെ.എസ്​.ആർ.ടി.സിക്ക്​ വലിയ തിരിച്ചടിയാകുമെന്ന ആശങ്കക്കിടെയാണ്​ ഇത്​ മറികടക്കാൻ ഡിപ്പോ തലത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന ആലോചന മുറുകിയത്​. അതാതിടത്തെ സ്വകാര്യപമ്പുകളാണ്​ ആദ്യം പരിഗണിച്ചത്​. ഇത്​ കാലതാമസത്തിനും കൂടാതെ ഇടപാടിൽ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാമെന്ന സംശയം ഉയർന്നു. തുടർന്നാണ്​ പുതിയ സംവിധാനം തെരഞ്ഞെടുത്തത്​. നിലവിൽ സ്വകാര്യപമ്പുകൾക്ക്​ ഒരു ലിറ്ററിന്​ 91.42 രൂപക്കാണ്​​ ഡീസൽ ലഭിക്കുന്നത്​. കെ.എസ്​.ആർ.ടി.സിയുടെ യാത്ര ഫ്യുവൽസിലും ഇതേ വിലയിൽ​ കമ്പനികൾ നൽകും. ​നിലവിൽ ജില്ലയിൽ ചേർത്തലയിൽ മാത്രമാണ്​ യാത്ര ഫ്യുവൽസ്​ ഉള്ളതെന്നതാണ്​ പരിമിതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.