സി.പി.എം പ്രവർത്തന റിപ്പോർട്ടിൽ വിമർശനം: ക്രിമിനൽ ബന്ധമുള്ളവർ യുവജന സംഘടനയിൽ; പലർക്കും അച്ചടക്കം പാലിക്കാൻ കഴിയുന്നില്ല

ആലപ്പുഴ: തെറ്റായ സമീപനം പുലർത്തുന്നവരെയും ക്രിമിനൽ സ്വഭാവമുള്ളവരെയും യുവജന സംഘടനയിലേക്ക്​ റിക്രൂട്ട്​ ചെയ്യുന്ന പ്രവണത ജില്ലയിൽ വർധിച്ചതായി സി.പി.എം വിലയിരുത്തൽ. ജില്ല സമ്മേളനത്തിൽ അവതരിച്ചിച്ച പ്രവർത്തന റിപ്പോർട്ടിലാണ്​ ഈ വിമർശനം. ഏരിയ കമ്മിറ്റികളിൽ ഉൾപ്പെടെ വിഭാഗീയത ശക്തമെന്നും ക്രിമിനൽ ബന്ധവും തെറ്റായ സമീപനവും സ്വീകരിക്കുന്നവരെ പാർട്ടിയിലേക്ക്​ റിക്രൂട്ട് ​ചെയ്യുന്ന പ്രവണതയുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട്​ അച്ചടക്കം പാലിക്കാൻ പലപ്രവർത്തകർക്കും കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. ബോധപൂർവം പാർട്ടി അച്ചടക്കം ലംഘിക്കാൻ തയാറാകുന്ന പ്രവർത്തകരുമുണ്ട്​. ഡി.വൈ.എഫ്​.ഐയിൽ ചിലർ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന്​ പ്രവർത്തിക്കുകയാണെന്നും​ പ്രവർത്തന റിപ്പോർട്ടിലുണ്ട്​. കായംകുളം ഏരിയ കമ്മിറ്റിയെ കുറിച്ച റിപ്പോർട്ടിലാണ്​ ഈ പരാമർശം. പത്തിയൂർ ലോക്കൽ കമ്മിറ്റിക്ക്​ കീഴിലെ ഡി.വൈ.എഫ്​.ഐ പ്രവർത്തകരിൽ ചിലർ ക്രിമിനൽ സംഘങ്ങളുമായി ചേർന്നുനിന്ന്​ പ്രവർത്തിക്കുന്നു. ഇത്തരം പ്രവർത്തനം ശക്തമായി ഇടപെട്ട്​ തിരുത്തേണ്ടതുണ്ട്. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയിൽ തെറ്റായ പ്രവണതകൾ വെച്ചുപുലർത്തുന്നവർ യുവജന രംഗത്ത്​ ​പ്രവർത്തിക്കുന്നു​. ഇത്തരക്കാരെ തിരുത്താനാകണം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിൽ ചെറുപ്പക്കാർക്കിടയിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കെതിരായി ശക്തമായ നിലപാട്​ സ്വീകരിക്കണമെന്നും മുന്നറിയിപ്പ്​ നൽകുന്നു. തെറ്റായ പ്രവണതക്കാരെ പാർട്ടിയിലേക്ക്​ റിക്രൂട്ട്​ ചെയ്യുന്ന സ്ഥിതി ആലപ്പുഴ നോർത്ത്​ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ദൃശ്യമായി. ജില്ലയിൽ പൊതുവെ വർഗ ബഹുജന സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമല്ലെന്നും വിലയിരുത്തുന്നു റിപ്പോർട്ട്​. നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച്​ മണ്ഡലത്തിൽ വിമത പ്രവർത്തനം ആലപ്പുഴ: ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ചേർത്തല, കുട്ടനാട് മണ്ഡലങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിമതപ്രവർത്തനം നടന്നതായി ജില്ല സമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറിന്റെ റിപ്പോർട്ട്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ അസ്വാരസ്യം ഉടലെടുത്തു. അമ്പലപ്പുഴയിൽ ജി. സുധാകരൻ മാറി എച്ച്. സലാമിനെ സ്ഥാനാർഥിയാക്കിയ ഉടൻ പലയിടത്തും സലാമിനെതിരെ പോസ്റ്റർ പതിഞ്ഞു. ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനെതിരെ പോസ്റ്ററിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടന്നു. കായംകുളത്തു വർഷങ്ങളായി മണ്ഡലത്തിന്​ വെളിയിലുള്ളവരാണ്​ മത്സരിക്കുന്നതെന്നതിനാൽ ഇത്തവണ നാട്ടുകാരൻ സ്ഥാനാർഥിയാകണമെന്ന്​ പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, യു. പ്രതിഭ ഒരു ടേം മാത്രമായതിനാലും പൊതുസ്വീകാര്യത കണക്കിലെടുത്തും വീണ്ടും മത്സരിപ്പിക്കണമെന്ന്​ തീരുമാനിക്കുകയായിരുന്നു. സി.പി.ഐ സ്ഥാനാർഥി മത്സരിച്ച ചേർത്തലയിലും പ്രാദേശികവാദം ശക്തമായി. മണ്ഡലത്തിനു വെളിയിൽനിന്നുള്ളയാളെ സ്ഥാനാർഥിയാക്കിയതിൽ സി.പി.ഐ പ്രാദേശിക നേതാക്കൾ പ്രതിഷേധിച്ചു. അവസാന നിമിഷംപോലും സജീവമാകാത്ത സി.പി.ഐ പ്രവർത്തകരുണ്ടായിരുന്നു. കുട്ടനാട്ടിൽ എൻ.സി.പിക്ക്​ വിരലിലെണ്ണാൻ പ്രവർത്തകരേയുള്ളൂ. തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കിയാൽ പരാജയപ്പെടുമെന്ന് ഉപതെരഞ്ഞെടുപ്പിന്​ ഒരുങ്ങിയപ്പോൾ മുതൽ പ്രചാരണം നടന്നു. എന്നാൽ, ഇത്​ അവഗണിച്ച്‌ തോമസ് കെ. തോമസിനെത്തന്നെ എൻ.സി.പി സ്ഥാനാർഥിയാക്കി. പുതിയ സ്ഥാനാർഥിയെ ആവേശത്തോടെ ഏറ്റെടുത്തത്​ മാവേലിക്കര മണ്ഡലത്തിലായിരുന്നു. മാന്നാർ, കായംകുളം, ഹരിപ്പാട്, കുട്ടനാട്, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, മാരാരിക്കുളം, അമ്പലപ്പുഴ ഏരിയ കമ്മിറ്റികൾക്കു കീഴിൽ വിഭാഗീയത ഏറ്റവും രൂക്ഷമാണെന്നാണ് റിപ്പോർട്ടിലുള്ളത്. പലയിടത്തും ജില്ല, ഏരിയ, ലോക്കൽ നേതാക്കൾ തമ്മിൽ ഏകോപനമില്ല. വ്യക്തിതാൽപര്യത്തോടെയുള്ള പ്രവർത്തനമാണ്​ പലയിടത്തും -റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.