രൂക്ഷവിഭാഗീയതയെന്ന്​ റിപ്പോർട്ട്​; ആരെയും ചാരിനില്‍ക്കരുതെന്ന് എസ്.ആര്‍.പി

ആലപ്പുഴ: സി.പി.എം ജില്ല സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിഭാഗീയതക്കെതിരെ മുന്നറിയിപ്പ് നല്‍കി ​പോളിറ്റ്​ ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. പിന്നാലെ രൂക്ഷമായ നിലയില്‍ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്ന ജില്ലയിലാണ്​ ആലപ്പുഴയെന്ന്​ ജില്ല സെക്രട്ടറി ആര്‍. നാസര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തൽ. എച്ച്​. സലാമിനെയും ചിത്തരഞ്ജനെയും സ്ഥാനാർഥിയാക്കുമെന്ന ഘട്ടത്തിലും സ്ഥാനാർഥിയായ ശേഷവും മോശമാക്കാൻ ശ്രമം നടന്നു. നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും മാനസിക ഐക്യം തകര്‍ന്നിരിക്കുകയാണ്​. ഇത് സംഘടന പ്രവര്‍ത്തനത്തിന്റെ നല്ലനിലയിലെ മുന്നോട്ട് പോക്കിന് ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നു. ഘടക കക്ഷികളില്‍ സി.പി.ഐക്കും എന്‍.സി.പിക്കുമെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത എടുത്ത് പറഞ്ഞുള്ളതാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട്. വിഭാഗീയത മൂലം ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതിയുണ്ടായി. കൈനകരി സൗത്ത് ലോക്കല്‍ സമ്മേളനം ഇനിയും നടന്നിട്ടില്ല. സമ്മേളന നടപടികള്‍ പൂര്‍ത്തിയാകാത്ത ജില്ലയായി ആലപ്പുഴ. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി ഇല്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും സംവിധാനം വളരെ മോശമാണെന്ന കുറ്റപ്പെടുത്തലുണ്ട്. ബ്രാഞ്ച്തലങ്ങളില്‍ പാര്‍ട്ടി കാര്യക്ഷമമല്ല. തകഴി, മാന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും വിഭാഗീയത ശക്തമാണ്. കുതിരപ്പന്തി, കളര്‍കോട് ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയത ശക്തിപ്പെട്ടു. ഇവിടങ്ങളില്‍ മത്സരം നടന്നു. ആലപ്പുഴ നേര്‍ത്തിലും. ഈ പ്രവണത അവസാനിപ്പിക്കണം. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ വര്‍ഗ ബഹുജനസംഘടനകളുടെ പ്രവര്‍ത്തനം ദുര്‍ബലമാണ്. ഇടത്തരം മുന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ മുന്നേറ്റം നടത്തണം. മുന്‍ മന്ത്രി ജി. സുധാകരനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടും നടപടിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയിലും കുട്ടനാട്ടിലും ഇടതു സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സി.പി.എം നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. പൊതുചര്‍ച്ച ആരംഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ്. ഒരുകാരണവശാലും ആരെയും ചാരിനില്‍ക്കരുതെന്നും പാര്‍ട്ടിയായി തന്നെ നില്‍ക്കാന്‍ പഠിക്കണമെന്നുമായിരുന്നു എസ്. രാമചന്ദ്രൻ പിള്ളയുടെ മുന്നറിയിപ്പ്​. പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്ത ശേഷം റിപ്പോർട്ട്​ അവതരണത്തിന്​ മുമ്പ്​ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രവർത്തകരെ സ്വാധീനിക്കാന്‍ പാടില്ല. അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും മാനസികമായ ഐക്യം ഉണ്ടാകണമെന്ന നിര്‍ദേശവും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.