ഇരട്ട വേതനം; ചേർത്തലയിൽ രണ്ട്​ സ്ഥിരം സമിതി അധ്യക്ഷന്മാർ രാജിവെച്ചു

ചേര്‍ത്തല: ഇരട്ട വേതനം വിഷയമായി ഉയർന്നതോടെ നഗരസഭയില്‍ രണ്ട്​ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സന്തോഷും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ സന്തോഷുമാണ്​ രാജിവെച്ചത്​. വാര്‍ഡുകളിലെ ആശപ്രവര്‍ത്തകരായ ഇരുവര്‍ക്കും ഓണറേറിയം കൈപ്പറ്റുന്നതിലെ നിയമതടസ്സം ഒഴിവാക്കുന്നതിനാണ് രാജിവെച്ചത്. ഇരുവര്‍ക്കും കൗണ്‍സിലര്‍മാരായി തുടരുന്നതില്‍ നിയമതടസ്സമില്ല. ഒന്നാം വാര്‍ഡില്‍നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് സ്മിത സന്തോഷ്. രണ്ടാം വാര്‍ഡിലെ കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയാണ് ഷീജ സന്തോഷ്. ഇരുവരും വര്‍ഷങ്ങളായി അതത്​ വാര്‍ഡുകളില്‍ ആശവര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തുനിന്നുള്ള ഓണറേറിയം കൈപ്പറ്റുന്നവര്‍ക്ക് ആശവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയത്തിന്​ തടസ്സങ്ങള്‍ ഉയര്‍ന്നിരുന്നു. ആശവര്‍ക്കര്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും താല്‍ക്കാലികമായി ഒഴിവായി പകരം ആളെ ഉള്‍പ്പെടുത്തുകയുമായിരുന്നു പരിഹാരം. എന്നാല്‍, വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മേഖലയില്‍ തുടരാന്‍തന്നെയായിരുന്നു ഇരുവരുടെയും തീരുമാനം. ഇരുപാര്‍ട്ടിയുടെയും അംഗീകാരം വാങ്ങിയാണ് സെക്രട്ടറിക്ക്​ രാജി നല്‍കിയത്. വികസനകാര്യ സ്ഥിരം സമിതിയില്‍ സ്മിത സന്തോഷിനെ അഞ്ചുവര്‍ഷത്തേക്കാണ്​ തെരഞ്ഞടുത്തത്​. വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ എല്‍.ഡി.എഫ് ധാരണപ്രകാരം രണ്ടര വര്‍ഷത്തേക്കാണ് ഷീജ സന്തോഷിന്റെ തെരഞ്ഞെടുപ്പ്. രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷസ്ഥാനം സി.പി.എമ്മിന്​ നല്‍കാനാണ് ധാരണ. കൗണ്‍സിലിലും സ്ഥിരം സമിതികളിലും എല്‍.ഡി.എഫിന്​ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ രാജി ഭരണത്തിലും പുതിയ തെരഞ്ഞെടുപ്പിലും വെല്ലുവിളി ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.