അന്ധകാരനഴിയിൽ മണൽതിട്ട; വള്ളമിറക്കാനാകാതെ തൊഴിലാളികൾ

അരൂർ: മണൽതിട്ട മൂലം അന്ധകാരനഴിയിൽ വള്ളമിറക്കാനാകാതെ നൂറുക്കണക്കിനു മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. അഴിയിൽ തുടർച്ചയായി മണൽതിട്ട രൂപപ്പെടുന്നതിനാൽ വള്ളം ഇറക്കാനും കയറ്റാനും കഴിയുന്നില്ല. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവുവരെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ കടലിൽ ഇറങ്ങാനുള്ള മാർഗമാണ് അന്ധകാരനഴി. ഓരോമാസവും അഴി അടയുന്ന രീതിയിൽ മണൽതിട്ട രൂപപ്പെടുന്നതാണ്​ ദുരിതം ഇരട്ടിയാക്കിയത്​. ഇതോടെ, അന്ധകാരനഴിയെ ആശ്രയിക്കുന്ന അർത്തുങ്കൽ മുതൽ പള്ളിത്തോടുവരെ മത്സ്യത്തൊഴിലാളികൾ കിലോമീറ്റർ ദൂരമുള്ള കൊച്ചിയിലും ചെല്ലാനം ഹാർബറിലുമാണ്​ മത്സ്യബന്ധനത്തിന്​ പോകുന്നത്​. കഴിഞ്ഞവർഷം കോവിഡ് രൂക്ഷമായതോടെ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക്​ കൊച്ചിയിലും ചെല്ലാനത്തും വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. അന്ന്​ ജില്ല ഭരണകൂടം അന്ധകാരനഴിയിൽ വള്ളമിറക്കാനും മത്സ്യബന്ധനം നടത്താനും സൗകര്യം ഒരുക്കിയിരുന്നു. മൂന്നു മാസത്തിനിടെ രണ്ട്​ കോടിയിലധികം രൂപയുടെ മത്സ്യലേലമാണ് നടന്നത്. പുലിമുട്ട് സ്ഥാപിച്ച് സ്ഥിരമായി വള്ളമിറക്കാൻ കഴിയുന്ന തരത്തിൽ അന്ധകാരനഴിയെ മിനി ഫിഷിങ് ലാൻഡ്​ സെന്ററായി ഉയർത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ചിത്രം: വള്ളം ഇറക്കുന്നതിന് തടസ്സമായി അന്ധകാരനഴിയിൽ രൂപപ്പെട്ട മണൽതിട്ടകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.