രക്ഷിതാക്കളും രോഗത്തെ നിസ്സാരമായി കാണുന്നു ആലപ്പുഴ: വരാനിരിക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർഥികൾക്ക് ആശങ്ക. മൂന്നാംതരംഗത്തിൽ കോവിഡ് പരിശോധന ഗണ്യമായി കുറഞ്ഞതാണ് പ്രധാനപ്രശ്നം. തിങ്കളാഴ്ച മുതൽ ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ കൂടി എത്തുന്നതോടെ സ്കൂൾ പൂർണമായും പഠനാന്തരീക്ഷത്തിലേക്ക് മാറും. കോവിഡിന്‍റെ പുതിയ വകഭേദത്തിന്‍റെ ലക്ഷണങ്ങൾ തീവ്രമല്ലാത്തതിനാൽ വീട്ടുകാർ രോഗത്തെ പകർച്ചപ്പനിയാണെന്ന രീതിയിൽ നിസ്സാരമായിട്ടാണ് കാണുന്നത്. പലരും ഡോക്ടറെ കാണിക്കാറില്ല. പ്രധാനപരീക്ഷയെ ബാധിക്കുമെന്നതിനാൽ രോഗലക്ഷണമുള്ള വിദ്യാർഥികളെപോലും രക്ഷിതാക്കൾ കോവിഡ് പരിശോധനക്ക് വിധേയരാക്കാൻ താൽപര്യം കാട്ടുന്നില്ല. കുട്ടിയിൽ രോഗം സ്ഥിരീകരിച്ചാൽ ദൈനംദിനജീവിതത്തെയും മാനസികാവസ്ഥയെയും ബാധിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കൾക്ക്. എന്നാൽ, രോഗലക്ഷണമുള്ള വിദ്യാർഥികൾ സ്കൂളുകളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് അധ്യാപകർ പറയുന്നു. ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുഴുവൻസമയ ക്ലാസ് തുടങ്ങിയതോടെ പനി ബാധിതരായി സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ട്. അധ്യാപകർ ചോദിച്ചാൽ സാധാരണപനിയെന്നാണ് വിദ്യാർഥികളുടെ മറുപടി. പാഠഭാഗങ്ങൾ തീരാനുള്ളതിനാൽ വിദ്യാർഥികളെ വീട്ടിലിരുത്താൻ രക്ഷിതാക്കൾക്കും താൽപര്യമില്ല. നേരിയ ചൂട്, തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധി കുട്ടികളാണ് സ്കൂളുകളിലെത്തുന്നത്. ഹാജർ കുറയാതിരിക്കാൻ പലസ്കൂളുകളും ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. കോവിഡ് വ്യാപനം വിദ്യാർഥികളിൽ രൂക്ഷമായാൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെ പ്രതികൂലമായി ബാധിക്കും. പരീക്ഷ നടത്തിപ്പിലും പ്രശ്നങ്ങളുണ്ടാകും. പിടിപെടുന്ന കോവിഡ് മാറിയാലും മറ്റ് ആരോഗ്യ പ്രശ്നങ്ങളാൽ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ലഭിക്കില്ല. ഇതിനൊപ്പം അവർ മാനസികമായി തളർന്ന് പഠനത്തെപ്പോലും ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മൂന്നാം തരംഗത്തിന്‍റെ വ്യാപനത്തിലും പഠനരീതികൾ പഴയനിലയിലേക്ക് വഴിമാറുമ്പോൾ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാപ്പേടിക്കൊപ്പം രോഗഭീതിയും വെല്ലുവിളി ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.