ഡി.വൈ.എഫ്.ഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം​; സ്കൂട്ടർ കത്തിച്ചു

ചാരുംമൂട്: ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖല സെക്രട്ടറി കാവുംപാട് കണ്ണങ്കര വീട്ടിൽ അനന്തുവിന്റെ വീടിനുനേരെ ആക്രമണം. വീട്ടുമുറ്റത്തെ സ്കൂട്ടർ കത്തിച്ചു. കഞ്ചാവ്-മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റികളുടെ മെഗാ കാമ്പയിൻ ഉദ്ഘാടനം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസം പുലർച്ചയാണ്​ സംഭവം. ബുധനാഴ്ച രാത്രി എട്ടിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറി വി.കെ. സനോജ് ഓൺലൈനായിട്ടായിരുന്നു കഞ്ചാവ്-മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പാലമേൽ മേഖല കമ്മിറ്റികളുടെ മെഗാ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഭവന സന്ദർശനം, പ്രതിഷേധ ജ്വാല, പ്രതിജ്ഞ, കൗൺസലിങ് തുടങ്ങിയവയാണ് കാമ്പയിന്റെ ഭാഗമായി തീരുമാനിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴാ​യിരുന്നു അനന്തുവിന്റെ വീടിനുനേരെ ആ​​ക്രമണമുണ്ടായത്​. സ്കൂട്ടർ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ജനൽച്ചില്ലുകൾ പൊട്ടുകയും വീടിന്റെ മുകൾഭാഗത്ത് തീപടരുകയും ചെയ്തിട്ടുണ്ട്. നൂറനാട് പൊലീസും ആലപ്പുഴയിൽനിന്ന്​ ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന്​ നൂറനാട് സി.ഐ വി.ആർ. ജഗദീഷ് പറഞ്ഞു. എം.എസ്. അരുൺകുമാർ എം.എൽ.എ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു, ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ലോക്ക് പ്രസിഡന്‍റ്​ ആർ. ബിനു, സെക്രട്ടറി എസ്. മുകുന്ദൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അക്രമത്തിനു പിന്നിൽ കഞ്ചാവ്-മയക്കുമരുന്ന് മാഫിയ ആണെന്ന് നേതാക്കൾ ആരോപിച്ചു. നൂറനാട് ജങ്ഷനിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്ത രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കഴിഞ്ഞാഴ്ച മർദിച്ച സംഭവം നടന്നിരുന്നതായും നേതാക്കൾ പറയുന്നു. ഫോട്ടോ 1: ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടുമുറ്റത്തെ സ്കൂട്ടർ കത്തിച്ചനിലയിൽ 2: ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.