ജലസംഭരണി പൊളിച്ചുനീക്കി

നാട്ടുകാരുടെ ആശങ്കയൊഴിഞ്ഞു അമ്പലപ്പുഴ: ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ അപകടനിലയിലായ വാട്ടർ ടാങ്ക് ഒരു പകൽ നീണ്ട ശ്രമത്തിലൂടെ പൊളിച്ചുനീക്കി. കഞ്ഞിപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് വാട്ടർ ടാങ്ക് അപകട ഭീഷണിയായി നിന്നിരുന്നത്. ഏകദേശം 52 വർഷം മുമ്പാണ് പ്രദേശവാസികളുടെ ദാഹമകറ്റാൻ ഇവിടെ വാട്ടർ ടാങ്ക് സ്ഥാപിച്ചത്. 22,500 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് 20 വർഷം മുമ്പ്​ പ്രവർത്തനം നിർത്തി. ഇപ്പോൾ കഞ്ഞിപ്പാടം കൂറ്റുവേലി സ്കൂളിന് സമീപത്തുനിന്നാണ് പമ്പിങ്​ നടക്കുന്നത്. ഉപയോഗരഹിത ടാങ്ക് ഏതുനിമിഷവും നിലം പൊത്തുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. ടാങ്കിന്‍റെ നാല് തൂണും ദ്രവിച്ച് ഇരുമ്പുകമ്പികളെല്ലാം വെളിയിൽ നിൽക്കുകയായിരുന്നു. അഞ്ച്​ പതിറ്റാണ്ട് കാലത്തെ പഴക്കമുള്ള ടാങ്ക് പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പലപടികളും കയറിയിറങ്ങിയിരുന്നു. കഞ്ഞിപ്പാടം കേന്ദ്രമായി പ്രവർത്തിക്കുന്ന ദർശനം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ എച്ച്.സലാം എം.എൽ.എ, കലക്ടർ, ദുരന്ത നിവാരണ അതോറിറ്റി, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെ പരാതി നൽകിയിരുന്നു. മാസങ്ങൾക്കുമുമ്പ്​ പരാതി നൽകിയെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയായ വാട്ടർ ടാങ്ക് പൊളിച്ചുനീക്കാൻ ഒരു നടപടിയുമായില്ല. തുടർന്ന്​ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്​ നാട്ടുകാർ സമരവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാൻ വാട്ടർ അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകിയത്. ബുധനാഴ്ച രാവിലെ രണ്ട് മണ്ണുമാന്തിയുടെ സഹായത്തോടെ മൂന്ന്​ ജീവനക്കാരാണ് വാട്ടർ ടാങ്ക് പൊളിക്കാൻ ആരംഭിച്ചത്. വൈകീട്ട് ആറോടെയാണ്​ ടാങ്ക് നിലം പൊത്തിയത്​. (ചിത്രം...പൊളിച്ചുനീക്കിയ ജലസംഭരണി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.