ലൈൻമാനെ ആക്രമിച്ച സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ

മാന്നാർ: ബില്ല്​ അടക്കാത്തതിനെ തുടർന്ന്​ വൈദ്യുതി ബന്ധം വി​ച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സി.ഐ.ടി.യു പ്രാദേശിക നേതാവിനെ അറസ്റ്റ്​ ചെയ്തു. മാന്നാർ വൈദ്യുതി ഓഫിസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ വീട്ടിൽ ഉത്തമനെ (56) ആക്രമിച്ച കേസിൽ മാന്നാർ കുരട്ടിശ്ശേരി പാവുക്കര തോലംപടവിൽ വീട്ടിൽ ടി.ജി. മനോജിനെയാണ് മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്​ ചെയ്തത്. സി.ഐ.ടി.യു മാന്നാർ ഏരിയ ജോയന്‍റ്​ സെക്രട്ടറിയും സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗവുമാണ് മനോജ്. എ.ഐ.ടി.യു.സി യൂനിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബിൽ തുക അടക്കാനുള്ളതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫിസ്​ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത്ത് എന്നിവർ മനോജിന്റെ വീട്ടിലെത്തിയത്​. വൈദ്യുതി ചാർജ്​ അടക്കാത്ത കാര്യം സൂചിപ്പിച്ച്​ മീറ്ററിനടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ മനോജ് ഓടിയെത്തി ഉത്തമന്റെ കൈപിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തതായാണ്​ പരാതി. ഉത്തമന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ വാങ്ങി ഇയാൾ നിലത്തെറിയുകയും വീട്ടിനുള്ളിൽനിന്ന്​ വെട്ടുകത്തിയെടുത്ത്​ എത്തിയതോടെ മൂവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലും ചികിത്സ തേടി. ഉത്തമന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. വൈദ്യുതി ചാർജ് അടക്കാൻ മൂന്ന് തവണ ഫോണിൽ അറിയിച്ചിട്ടും ഇതിന്​ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഫ്യൂസ് ഊരാൻ എത്തിയതെന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ മാന്നാറിൽ പ്രകടനവും ധർണയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.