തുറവൂർ – പറവൂർ ദേശീയപാത ആറുവരിയാക്കൽ; പ്രാഥമിക ജോലികൾ ഈ മാസം

ഇതുവരെ ഏറ്റെടുത്തത്​ 14.49 ഹെക്ടർ ഭൂമി ആലപ്പുഴ: തുറവൂർ മുതൽ പറവൂർ വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രാഥമിക ജോലികൾ ഈ മാസം തുടങ്ങും. 15നു മുമ്പ്​ ഈ ഭാഗത്ത്​ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ കരാറുകാർക്ക്​ കൈമാറും. സ്ഥലമേറ്റെടുക്കൽ ജോലിയുടെ പുരോഗതി ദേശീയപാത അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം വിലയിരുത്തി. ജനുവരി 17ന് ആണ് തുറവൂർ -പറവൂർ റീച്ചിന് കുറഞ്ഞ ടെൻഡർ നൽകിയ കെ.സി.സി ബിൽഡ്കോൺ എന്ന കമ്പനിയുമായി ദേശീയപാത അതോറിറ്റി കരാർ ഒപ്പുവെച്ചത്. കരാർ ഒപ്പിട്ട്​ ഒരു മാസത്തിനകം ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്ത്​ കൈമാറണമെന്നാണ്​ വ്യവസ്ഥ. നഷ്ടപരിഹാരം നൽകി 90 ശതമാനം ഭൂമി ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതുവരെ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമി 15നു മുമ്പ്​ കരാറുകാർക്ക്​ കൈമാറും. ഭൂമി ലഭിച്ചാലുടൻ കരാറുകാർ ഈ ഭൂമിയിലെ നിർമാണങ്ങൾ ഉൾപ്പെടെ പൊളിച്ചുമാറ്റുന്ന ജോലി തുടങ്ങും. തുറവൂർ മുതൽ പറവൂർ വരെ ഒന്നാം പാക്കേജിൽ 1230 ഭൂവുടമകൾക്കായി 484.77 കോടി രൂപയാണ്​ വിതരണം ചെയ്തത്​. ഈ റീച്ചിൽ ആകെ ഏറ്റെടുക്കേണ്ട 38 ഹെക്ടർ ഭൂമിയിൽ 14.49 ഹെക്ടറാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. സർക്കാർ ഭൂമി ഉൾപ്പെടെയാണ്​ ഇനി ഏറ്റെടുക്കേണ്ടത്​. ജില്ലയിൽ തുറവൂർ മുതൽ കൃഷ്ണപുരം വരെ ആകെ 27.74 ഹെക്ടർ ഭൂമിയാണ് നഷ്ടപരിഹാരം നൽകി ഏറ്റെടുത്തത്. ആകെ 953.18 കോടി രൂപ നഷ്ടപരിഹാരമായി ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക്​ കൈമാറി. പ്രതിമാസ കോവിഡ്​ സഹായം; തടസ്സമായി ബി.പി.എൽ കുരുക്ക്​ സർക്കാർ പ്രഖ്യാപനം ലക്ഷ്യം കാണാതെ പോകുന്നു അരൂർ: കോവിഡ് ആനുകൂല്യം കിട്ടുന്നതിന്​ തടസ്സമായി സർക്കാർ ഉത്തരവിലെ അവ്യക്​തത. അർഹമായ കുടുംബങ്ങളിൽ പലർക്കും ഇക്കാരണത്താൽ ആനുകൂല്യം ലഭിക്കുന്നില്ല. കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച കുടുംബങ്ങൾക്ക് മൂന്നുവർഷം പ്രതിമാസം 5000 രൂപ വീതം ലഭിക്കുമെന്ന പ്രഖ്യാപനമാണ് മിക്കവർക്കും പ്രയോജനപ്പെടാത്തത്​. ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചിട്ടും പല കുടുംബങ്ങൾക്കും ഈ ആനുകൂല്യത്തിന് അർഹതയില്ല എന്നാണ് വില്ലേജ് ഓഫിസർമാർ പറയുന്നത്. കോവിഡ് ബാധിച്ച്​ ഗൃഹനാഥൻ മരിച്ച എല്ലാ കുടുംബങ്ങൾക്കും സർക്കാർ തീരുമാനിച്ച 50000 രൂപ ലഭിക്കും. എന്നാൽ, ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമാണ്​ 5000 രൂപ പ്രതിമാസം കിട്ടുക. 2010ന് മുമ്പ് പ്രസിദ്ധീകരിച്ച ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടില്ല എന്ന കാരണം പറഞ്ഞാണ്​ അർഹരായിട്ടുപോലും ആനുകൂല്യം നിഷേധിക്കുന്നത്. അനർഹമായി ബി.പി.എൽ ലിസ്റ്റിൽ കടന്നുകൂടിയ സർക്കാർ ജീവനക്കാരെയും വരുമാനം കൂടിയവരെയും നീക്കം ചെയ്യാൻ സർക്കാർ കർശന നടപടി എടുത്തിരുന്നു. അനർഹരായ പലരെയും ബി.പി.എൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കി എ.പി.എൽ പട്ടികയിലേക്ക്​ മാറ്റുകയും ചെയ്തു. ഇങ്ങനെ ബി.പി.എൽ ലിസ്റ്റിൽ പെട്ട അർഹതയുള്ളവർക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്​. എന്നാൽ, പഴയ ബി.പി.എൽ ലിസ്റ്റിൽ പെട്ടിട്ടില്ലെന്ന കാരണം പറഞ്ഞ്​​ കോവിഡ് മരണാനന്തര ആനുകൂല്യങ്ങൾ പോലുള്ള സഹായങ്ങൾ നിഷേധിക്കുകയാണ്. ആനുകൂല്യം നിഷേധിക്കപ്പെടുന്നതിലൂടെ കുടുംബത്തിലെ വരുമാനമുള്ള ഏകവ്യക്തി മരണപ്പെടുമ്പോൾ ദാരിദ്ര്യത്തിലാകുന്ന കുടുംബത്തെ സഹായിക്കാൻ ഉദ്ദേശിച്ച സർക്കാർ പ്രഖ്യാപനം ലക്ഷ്യം കാണാതെ പോകുകയാണ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.