കോവിഡ്​ വ്യാപനത്തിലും സാനിറ്റൈസർ വിൽപനയിൽ വൻ ഇടിവ്

ആലപ്പുഴ: മൂന്നാം തരംഗത്തിൽ കോവിഡ്​ വ്യാപനം കൂടിയിട്ടും ​സാനിറ്റൈസർ വിൽപനയിൽ വൻ ഇടിവ്​. കോവിഡി​‍ൻെറ തുടക്കം മുതൽ ആളുകൾ കൂടെക്കരുതിയിരുന്ന സാനിറ്റൈസർ ഉപയോഗം മൂന്നാം തരംഗത്തിൽ കൈവിട്ടുവെന്നാണ്​ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്​. സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ ആലപ്പുഴ കലവൂരിലെ കെ.എസ്.ഡി.പിയും (കേരള സ്​റ്റേറ്റ്​ ഡ്രഗ്‌സ് ആൻഡ്​ ഫാർമസ്യൂട്ടിക്കൽസ്) പാതിരപ്പള്ളിയിലെ ഹോംകോയിലെയും (കേരള സ്​റ്റേറ്റ്​ ഹോമിയോപ്പതിക്​ കോഓപറേറ്റിവ്​ )ഉൽപാദനം ഗണ്യമായിട്ടാണ്​ കുറഞ്ഞത്​. കെ.എസ്.ഡിപിയിൽ ഒന്നാം തരംഗത്തിൽ 23 ലക്ഷം ബോട്ടിൽ സാനിറ്റൈസറാണ്​ ഉൽപാദിപ്പിച്ചിരുന്നത്​. കഴിഞ്ഞവർഷം അത്​ 8.65 ലക്ഷമായി ചുരുങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന്​ നിർമാണ സ്ഥാപനമായ കേരള സ്​റ്റേറ്റ്​ ഹോമിയോപ്പതിക്​ കോഓപറേറ്റിവ്​ (ഹോംകോ) നിർമിച്ച സാനിറ്റൈസർക്കും സമാനരീതിയിൽ വിൽപന കുറഞ്ഞു. ഇവിടെയും തുടക്കത്തിൽ 2.19 ലക്ഷം ബോട്ടിലുകൾ ഉൽപാദിപ്പിച്ചു. 2021-22 വർഷത്തിൽ അത്​ 2.5 ലക്ഷമായിട്ട്​ കുറഞ്ഞു. ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കൺസ്യൂമർ ഫെഡ്​, സ്വകാര്യകമ്പനികൾ എന്നിവിടങ്ങളിൽനിന്നാണ്​ കെ.എസ്​.ഡി.പിക്കും ഹോംകോക്കും ഓർഡർ കിട്ടിയിരുന്നത്​. 500 മി.ലിറ്റർ -175, 250 മി.-100, 200 മി.-85, 100മി.-50 എന്നിങ്ങനെ നിരക്കിലാണ്​ വിറ്റിരുന്നത്​. ഇതിനൊപ്പം തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ പോളിങ്​ ബൂത്തിലെ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ സാനിറ്റൈസർ വാങ്ങിയത്​ കെ.എസ്​.ഡി.പിയിൽനിന്നാണ്​. രണ്ടാം തരംഗത്തിൽ 'ബ്രേക്​ ദ ചെയിൻ' ബോധവത്​കരണം പൂർണമായും നിലച്ചു. പലയിടത്തും കൈകൾ അണുമുക്തമാക്കാൻ ഉപയോഗിച്ചിരുന്ന സോപ്പും സാനി​റ്റൈസറും പിൻവാങ്ങി. ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സമൂഹ അകലം പോലും പാലിക്കാതെയാണ്​ ആളുകൾ ഇടപഴകുന്നത്​​. മെഡിക്കൽ സ്​റ്റോറുകളിൽ കൂടുതലായി വിറ്റഴിച്ചിരുന്ന ചെറിയ ബോട്ടിൽ സാനിറ്റൈസർ വിൽപനയും കുറഞ്ഞു. സർക്കാർ ഓഫിസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗം പേരിന്​ മാത്രമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.