പുളിങ്കുന്ന് താലൂക്ക് ആശുപത്രി: ഒടുവിൽ ഭൂരേഖ കൈമാറ്റത്തിന്​ നടപടി

പുളിങ്കുന്ന് വില്ലേജ് ഓഫിസിൽനിന്ന്​ ആശുപത്രിയുടെ പേരിലേക്ക്​ മാറ്റിയ രേഖ തൊട്ടടുത്ത ദിവസം കൈമാറും പുളിങ്കുന്ന്​: പുളിങ്കുന്ന് താലൂക്ക് ആശുപത്രി വികസനത്തിന്​ സൗജന്യമായി വിട്ടുകിട്ടിയ ഭൂമി ഒരുവർഷമായിട്ടും ഏറ്റെടുക്കാൻ നടപടിയില്ലാത്തത്​ വിവാദമായതിന്​ പിന്നാലെ അധികൃതരുടെ ഇടപെടൽ. ആശുപത്രിക്ക്​ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സൗജന്യമായി നൽകിയ ഭൂമിയുടെ രേഖകൾ ആശുപത്രി അധികൃതരുടെ പേരിലേക്ക്​ മാറ്റും​. 2020 സെപ്റ്റംബറിലാണ് പള്ളിയുടെ പേരിലുണ്ടായിരുന്ന 223/3എ (ടി.പി 2484) സർവിസ് നമ്പറിൽപ്പെട്ട 1.62 ഏക്കറിന്റെ രേഖകൾ ആശുപത്രി അധികൃതർക്ക്​ കൈമാറിയത്. രേഖ കൈമാറി ഒരുവർഷം പിന്നിട്ടിട്ടും ആശുപത്രിയുടെ പേരിലേക്ക് ഭൂമി മാറ്റാനുള്ള നടപടികൾ നീങ്ങിയില്ല. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ, സ്ഥിരം സമിതി അധ്യക്ഷരായ റോജി മണല, പി.കെ. വേണുഗോപാൽ എന്നിവർ ആർ.ഡി ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പുളിങ്കുന്ന് വില്ലേജ് ഓഫിസിൽനിന്ന്​ ആശുപത്രിയുടെ പേരിലേക്ക്​ മാറ്റിയ രേഖ തൊട്ടടുത്ത ദിവസം കൈമാറും. ആശുപത്രിയുടെ പേരിൽ ഭൂമിയില്ലാത്തത്​ കിഫ്ബി ഫണ്ടിൽ അനുവദിച്ച ബഹുനില കെട്ടിടത്തിന്റെ നിർമാണം പ്രതിസന്ധിയിലാക്കിയിരുന്നു. ---- ഒമ്പതുനില കെട്ടിടം ഉയരും 2017-18 ബജറ്റിൽ ആശുപത്രിയുടെ നവീകരണത്തിന്​ 40 കോടി രൂപ അനുവദിച്ചിരുന്നു. 2018ലെ പ്രളയത്തിൽ ആശുപത്രിയുടെ പ്രവർത്തനം ദിവസങ്ങളോളം മുടങ്ങി. ഈ സമയം ആശുപത്രി സന്ദർശിച്ച അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബഹുനില കെട്ടിടം നിർമിക്കാൻ 2019-20 ബജറ്റിൽ 150 കോടി രൂപ അനുവദിച്ചു. 2020 സെപ്റ്റംബർ 15ന്​ നിർമാണത്തിന്​ 144.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കിഫ്ബിയിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആശുപത്രി കെട്ടിടം നിർമിക്കുന്നതിനുള്ള മണ്ണുപരിശോധന നടത്തി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ഇൻകെലിനെയാണ്​ നിർവഹണ ഏജൻസിയായി നിയമിച്ചത്. ഹെലിപാഡ് ഉൾപ്പെടെ ഏഴ്​ നിലകളിലായിട്ടായിരുന്നു പുതിയ കെട്ടിടത്തിന്റെ ആദ്യ രൂപരേഖ. എന്നാൽ, ആശുപത്രി വളപ്പിൽ വനിത-ശിശു വാർഡ് സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചുനീക്കാൻ അനുമതി ലഭിക്കാതായതോടെ രൂപരേഖയിൽ മാറ്റംവരുത്തേണ്ടി വന്നു. ഒമ്പതുനിലകളിലായി കെട്ടിടം നിർമിക്കുന്നതിന്​ പുതിയ രൂപരേഖ തയാറാക്കിയെങ്കിലും ഭൂമിയുടെ രേഖ ഇല്ലാത്തതിനാൽ ഡി.പി.ആർ കിഫ്ബിക്ക്​ സമർപ്പിക്കാൻ നിർവഹണ ഏജൻസിക്ക്​ സാധിച്ചില്ല. ആശുപത്രിയുടെ പേരിലേക്ക്​ ഭൂമി മാറ്റിയാലുടൻ നിർമാണം തുടങ്ങാൻ ജനുവരിയിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ---------- സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ആലപ്പുഴ: ഫിഷറീസ് വകുപ്പിന്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ ഒമ്പത് മാസത്തെ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വവും 21നും 35നും ഇടയില്‍ പ്രായവുമുള്ള ബിരുദധാരികളായ 30 പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും സാഫ് യൂനിറ്റുകളില്‍ ആറുമാസം സൗജന്യ പ്രായോഗിക പരിശീലനവും നല്‍കും. അപേക്ഷഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും സാഫ് ജില്ല നോഡല്‍ ഓഫിസിലും മത്സ്യഭവന്‍ ഓഫിസുകളിലും സാഫ് വെബ് സൈറ്റിലും (www.safkerala.org) ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 21. ഫോണ്‍: 9288908487, 9526880456, 9656863350. -------- ​കാറ്ററിങ് കോഴ്സ് ആലപ്പുഴ: എസ്.ആർ.സി കമ്യൂണിറ്റി കോളജ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ്​ കാറ്ററിങ്​ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാഷനൽ സ്‌കിൽ ഡെവലപ്​മെന്റ് കോർപറേഷന്‍റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ കോഴ്സിന് പ്ലസ് ടു വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഈ മാസം 20. ഫോൺ: 9846033001, 828114464. --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.