വീട്ടിൽ ഡയാലിസിസ്: ഫ്ലൂയിഡ്​ ലഭ്യത ഉറപ്പാക്കൽ എളുപ്പമാകില്ല; മിനിമം രോഗികൾക്ക്​ മാത്രം അവസരം

വൃക്കരോഗികൾക്ക് ഡയാലിസിസ് വീട്ടിലൊരുക്കുന്ന പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ്​ തീരുമാനിച്ചിരുന്നു ആലപ്പുഴ: വൃക്കരോഗികൾക്ക് ആശുപത്രിയിലെത്താതെ വീട്ടിൽ ഡയാലിസിസ് ചെയ്യുന്ന പദ്ധതിയിൽ (പെരിറ്റോണിയൻ ഡയാലിസിസ്) കൂടുതൽപേരെ ഉൾപ്പെടുത്തുന്നതിന്​ തടസ്സമായി ഫ്ലൂയിഡ്​ ദൗർലഭ്യം. കഴിഞ്ഞതവണ ജില്ലയിൽ 12 വൃക്കരോഗികളെയാണ് പെരിറ്റോണിയൽ ഡയാലിസിസിനായി തെരഞ്ഞെടുത്തത്. 12 രോഗികൾക്ക് വർഷം 12,960 പാക്കറ്റ് ഫ്ലൂയിഡ് വേണം. എന്നാൽ, സൗജന്യമായി ലഭിച്ചത് 2000 പാക്കറ്റുകൾ മാത്രമായിരുന്നു. രണ്ടുമാസംകൊണ്ട് ഇതു തീർന്നതോടെ പുറത്തുനിന്ന് ഫ്ലൂയിഡ് വാങ്ങേണ്ടിവന്നു. സർക്കാർ സംവിധാനത്തിൽപ്പോലും ഒരു ഫ്ലൂയിഡ് പാക്കിന്​ മുന്നൂറോളം രൂപവരും. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള രോഗികൾക്ക്​ മാത്രമാണ് ഈ ചെലവ് അൽപമെങ്കിലും കുറയുക. ഇൻഷുറൻസ് കാർഡിലും പരിധി നിശ്ചയിച്ചതിനാൽ പലരോഗികളും ബുദ്ധിമുട്ടിലായിരുന്നു. കൂടുതൽ വൃക്കരോഗികൾക്ക് പെരിറ്റോണിയൻ ഡയാലിസിസ് സംവിധാനം വീട്ടിലൊരുക്കാൻ ലക്ഷ്യമിട്ട്​ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഒരുമാസത്തിനകം പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ്​ തീരുമാനിച്ചിരുന്നു. ഒരുതവണ പെരിറ്റോണിയൽ ഡയലിസിസിന്​ വിധേയരായവർക്ക്​ പിന്നീട് ആശുപത്രിയിൽ എത്തിയുള്ള ഹീമോ ഡയാലിസിസും സാധ്യമല്ല. അതുകൊണ്ട്​ ഫ്ലൂയിഡിന്‍റെ ലഭ്യതക്കനുസരിച്ചേ രോഗികളെ തെരഞ്ഞെടുക്കൂ എന്നാണ്​ സൂചന. രോഗിയുടെ ഉദരത്തിൽ സുഷിരമുണ്ടാക്കി കത്തീറ്റർ കടത്തിവിടുകയും ഫ്ലൂയിഡ് നിറക്കുന്നതാണ്​ രീതി. ഒരിക്കൽ കത്തീറ്റർ കയറ്റിക്കഴിഞ്ഞാൽ പിന്നീട്, രോഗിക്ക്​ സ്വയം ഫ്ലൂയിഡ് ഇതിലൂടെ നിറക്കാൻ സാധിക്കും. നിശ്ചിത സമയത്തിനുശേഷം വൃക്കകളിലെ മാലിന്യം ഈ ഫ്ലൂയിഡിലേക്ക്​ വലിച്ചെടുക്കപ്പടുകയും പിന്നീട് പുറത്തേക്ക്‌ ഒഴുക്കിക്കളയുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂർ നീളുന്ന ഈ പ്രക്രിയ രോഗിയുടെ സ്ഥിതിയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ചെയ്യേണ്ടിവരും. ഇതിലൂടെ ഹീമോഡയാലിസിസിൽ (ഡയാലിസിസ് യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട്​ ശുദ്ധീകരിക്കുന്ന പ്രക്രിയ) ലഭിക്കുന്ന അതേപ്രയോജനം തന്നെ ലഭിക്കും. വൃക്കരോഗ വിദഗ്‌ധനാണ് ഹീമോഡയാലിസിസ് വേണോ പെരിറ്റോണിയൽ ഡയാലിസിസ് വേണോ എന്നു നിശ്ചയിക്കുന്നത്​. ------ ഹിജാബ് നിരോധനം: വംശവെറിയുടെ മറ്റൊരു മുഖം -മുസ്​ലിം സംയുക്ത വേദി ആലപ്പുഴ: കുറെ നാളുകളായി മുസ്​ലിം പെൺകുട്ടികളുടെ വസ്ത്രധാരണത്തിന്‍റെ പേരിൽ കോലാഹലങ്ങൾ തുടങ്ങിയിട്ടെന്നും കർണാടകയിലെ കോളജുകളിൽ ഹിജാബ് ധരിച്ചുവന്ന പെൺകുട്ടികൾക്ക് പ്രവേശനം നിരോധിച്ചതടക്കം മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയാ​ണെന്നും മുസ്​ലിം സംയുക്ത വേദി. ഒരാൾ എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നുള്ളത് അയാളുടെ മൗലീകാവകാശമാണ്. ഇതിനെതിരായ കടന്നുകയറ്റവുമാണ്​ ഇപ്പോൾ നടക്കുന്നത്​. ഇത്​ കേവലം വസ്ത്രത്തോടുള്ള വെറുപ്പല്ല. വംശവെറിയാണെനും മുസ്​ലിം സംയുക്ത വേദി അഭിപ്രായപ്പെട്ടു. ശാരീരികമായി ഉന്മൂലനം അസാധ്യമാണെന്ന് മനസ്സിലാക്കിയ വർഗീയവാദികൾ ഒരു സമൂഹത്തെ സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും തകർക്കുകയാണ്​. ഇത്തരം നിരോധനങ്ങൾ തങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങൾ അടിയറവെച്ചുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നും എന്ത് വില കൊടുത്തും ജനാധിപത്യ മാർഗത്തിലൂടെ ഇത്തരം പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും വേദി അഭിപ്രായപ്പെട്ടു. ചെയർമാൻ വി.എ. ഇഖ്ബാൽ സാഗർ അധ്യക്ഷതവഹിച്ചു. പി.എ. ശിഹാബുദ്ദീൻ മുസ്​ല്യാർ, കൺവീനർ കെ.എസ്. അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.