വ്യാജ കോവിഡ് റിപ്പോർട്ട്: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

കലവൂർ: കോവിഡ് പരിശോധനക്ക്​ വ്യാജ റിപ്പോർട്ട് നൽകിയതായ പരാതിയിൽ കലവൂരിലെ സ്വകാര്യ ലാബിൽ തിങ്കളാഴ്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഇതേ ലാബിന്റെ മണ്ണഞ്ചേരിയിലെയും ആര്യാട്ടെയും ശാഖകളിൽ കോവിഡ് പരിശോധനകളും താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. ആർ.ടി.പി.സി.ആർ പരിശോധനക്ക്​ പണം വാങ്ങിയശേഷം സാമ്പിൾ ലാബിൽ പരിശോധനക്ക്​ അയക്കാതെ വ്യാജ റിപ്പോർട്ട് നൽകിയതായാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ഇത്തരത്തിൽ ലഭിച്ച കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. മറ്റൊരാൾക്ക് നൽകിയ നെഗറ്റിവ് റിപ്പോർട്ടും വ്യാജമായിരുന്നു. തുടർന്ന് ഇവർ മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവ് റിപ്പോർട്ടാണ് ലഭിച്ചതെങ്കിലും ആദ്യലാബിൽ പരിശോധന നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല മറ്റൊരാൾക്ക് നെഗറ്റിവ് റിപ്പോർട്ട് നൽകിയെങ്കിലും വീണ്ടും നടത്തിയ പരിശോധനയിൽ പോസിറ്റിവെന്നും കണ്ടെത്തി. കാട്ടൂർ അർഥശേരിയിൽ അഭിജിത് എ. തോമസാണ് ഇതുസംബന്ധിച്ച് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയത്. പൊലീസാണ് ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.