* നിർദേശം ലീഗൽ സർവിസസ് കമ്മിറ്റി സിറ്റിങ്ങിൽ ഹരിപ്പാട്: ഹരിപ്പാട് നഗരപരിധിയിൽ ഒരുവശത്തേക്കുമാത്രം ഗതാഗതം (വൺവേ ട്രാഫിക്) നിലനിർത്തണമെന്ന് നഗരസഭയുടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ശിപാർശ ചെയ്തു. നഗര ഗതാഗതപരിഷ്കാരം സംബന്ധിച്ച താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി സിറ്റിങ്ങിലാണ് ഇതുൾപ്പെടെ നിർദേശങ്ങൾ ഹരിപ്പാട് നഗരസഭ സമർപ്പിച്ചത്. നഗരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതിന് നിർദേശങ്ങളടങ്ങുന്ന രേഖാചിത്രം പൊതുമരാമത്ത് വകുപ്പ് തയാറാക്കി. ഗതാഗതപരിഷ്കാരം ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച അഭിഭാഷകൻ സന്തോഷ്‌കുമാരൻ തമ്പി നഗരത്തിലെ റോഡിന്‍റെ രേഖാചിത്രവും ഹാജരാക്കി. ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. ടൗൺഹാൾ മുതൽ ഗവ. ആശുപത്രിവരെ ഇരുവശത്തേക്കും ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗൽ സർവിസസ് കമ്മിറ്റി മുമ്പാകെ പരാതി ലഭിച്ചത്. എന്നാൽ, ഇത് നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ രൂക്ഷമാക്കുമെന്നും യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നഗരസഭ ചൂണ്ടിക്കാട്ടി. ടൗൺഹാൾ ജങ്ഷനിൽനിന്ന് 20 മീറ്റർ കിഴക്കോട്ടുള്ള ഭാഗത്ത് വാഹനങ്ങൾ നിർത്താൻ അനുവദിക്കരുത്. ഇവിടെ ബസുകൾ നിർത്താം. 20 മീറ്റർ പരിധി കഴിഞ്ഞ് പോസ്റ്റ് ഓഫിസിന് സമീപംവരെ റോഡിന്‍റെ ഇടതുവശത്ത് 30 ഡിഗ്രി ചരിച്ച് വാഹനങ്ങൾ നിർത്തിയിടാം. പോസ്റ്റ് ഓഫിസ് ജങ്ഷൻ മുതൽ എഴിക്കകത്തുവരെ റോഡിന് വീതി കുറവായതിനാൽ ഇടതുവശത്തുമാത്രം വാഹനങ്ങൾ ഒറ്റവരിയായി നിർത്തിയിടണം. എഴിക്കകത്ത് ജങ്ഷനിലെ വളവിൽ പാർക്കിങ് പൂർണമായും അവസാനിപ്പിക്കണം. ഇവിടെനിന്ന് ഗാന്ധിചത്വരംവരെ ഇടതുവശത്ത് റോഡിന് സമാന്തരമായി ഒറ്റവരി പാർക്കിങ് അനുവദിക്കാം. ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ സഹായിക്കാൻ വ്യാപാരികളുടെ സഹകരണത്തോടെ ഹോംഗാർഡുമാരെ നിയമിക്കണം. ടൗൺഹാൾ, കച്ചേരി, എഴിക്കകത്ത് എന്നിവിടങ്ങളിൽ ബസ് വേ വേണം. ടൗൺഹാൾ മുതൽ ആശുപത്രി ജങ്ഷൻവരെ വൺവേയായി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് ആരംഭിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നഗരസഭ മുന്നോട്ടുവെച്ചത്. നഗരസഭ ചെയർമാൻ കെ.എം. രാജു, കൗൺസിലർമാരായ കൃഷ്ണകുമാർ, ശ്രീവിവേക്, കെ.കെ. രാമകൃഷ്ണൻ, നഗരസഭ അഭിഭാഷകൻ വി. ഷുക്കൂർ, പരാതിക്കാരനായ അഡ്വ. സന്തോഷ് കുമാരൻ തമ്പി, ബാർ അസോസിയേഷൻ പ്രസിഡന്‍റ് സജി തമ്പാൻ, അഡ്വ. മണിലാൽ, നഗരസഭ സെക്രട്ടറി ദീപേഷ്, സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജു വി. നായർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. ----------- ആലപ്പുഴ മണ്ഡലത്തിൽ അഞ്ചിടത്ത് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ ആലപ്പുഴ: പരിസ്ഥിതി സൗഹൃദമാർന്ന ഇലക്ട്രിക് വാഹനങ്ങൾക്കായി ആലപ്പുഴ മണ്ഡലത്തിലെ അഞ്ച് സ്ഥലങ്ങളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു. ആലപ്പുഴ നഗരചത്വരം, കളപ്പുര റെസ്റ്റ് ഹൗസ്, മണ്ണഞ്ചേരി സ്കൂൾ ജങ്ഷൻ, മാരാരിക്കുളം കളിത്തട്ട്, കലവൂർ എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ചാർജിങ് സ്റ്റേഷനുകളോട് ചേർന്നുതന്നെ ഇലക്ട്രിക് വാഹനങ്ങൾക്കും ഉപയോക്താക്കൾക്കും അവശ്യമായ മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. കഴിഞ്ഞവർഷം ചേർത്തല തിരുവിഴയിൽ ജില്ലയിലെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.