ആലപ്പുഴ ബൈപാസ്: അപകടം കുറക്കാൻ മന്ത്രി ഇടപെട്ടു

ആലപ്പുഴ: ആലപ്പുഴ ബൈപാസ് അപകടരഹിതമാക്കാനുള്ള നടപടികൾക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. തീരുമാനങ്ങൾ യഥാസമയം നടപ്പാക്കുന്നതിൽ ഒരു വീഴ്ചയും സംഭവിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ബൈപാസിൽ കാമറകളും വേഗനിയന്ത്രണ സിഗ്നലുകളും ഈ മാസം 20 നകം സ്ഥാപിക്കും. അമിതവേഗം നിയന്ത്രിക്കാൻ വളവ് ഭാഗങ്ങളിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കും. ഇടറോഡുകളിൽനിന്ന് ബൈപാസിലേക്ക് കയറുന്ന ഭാഗത്തെ സുരക്ഷ, കളർകോട്, കൊമ്മാടി ജങ്​ഷനുകളിലെ ട്രാഫിക് സംവിധാനങ്ങളിലെ കുറവുകൾ എന്നിവ ഈ മാസം 10 നുള്ളിൽ പരിഹരിക്കും. കളർകോട്, കൊമ്മാടി ജങ്​ഷനുകളിൽ റൗണ്ട് എബൗട്ട് ക്രമീകരണം സ്ഥാപിക്കുന്നത് ചർച്ച ചെയ്തു. നാഷനൽ ഹൈവേ വികസനത്തിന്റെ ഡിസൈൻ കൂടി പരിഗണിക്കേണ്ടതിനാൽ നാഷനൽ ഹൈവേ അതോറിറ്റിയുമായി ചർച്ച ചെയ്ത് നടപ്പാക്കും. ബൈപാസ് സുരക്ഷ, ജങ്​ഷനുകളിലെ ട്രാഫിക് ക്രമീകരണങ്ങൾ, സർവിസ് റോഡുകൾ, ഇട റോഡുകളുടെ പ്രവേശനം, ഡ്രെയിനേജ് ഉൾപ്പെടെ കാര്യങ്ങൾ നാക്പാക് പ്രതിനിധികളും റോഡ് സേഫ്റ്റി വിങ്ങും ചേർന്ന് വിശദമായി പരിശോധിക്കും. ബൈപാസ് ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ 40 അപകടങ്ങളുണ്ടാകുകയും 10 പേർ മരിക്കുകയും ചെയ്തതിന് പുറമെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന് എച്ച്. സലാം എം.എൽ.എ ഇത് സംബന്ധിച്ച് നൽകിയ കത്തിനെ തുടർന്നാണ് ഉന്നതതല യോഗം ചേർന്നത്. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്​ജൻ, പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിങ്​, അഡീഷനൽ ട്രാൻസ്പോർട്ട്​ കമീഷണർ പ്രമോജ് ശങ്കർ, നാഷനൽ ഹൈവേ അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ. മീന, കലക്ടർ അലക്സാണ്ടർ, ജില്ല പൊലീസ് ചീഫ് ജി. ജയദേവ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.