വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിന് വാഹനങ്ങൾ നശിക്കുന്നു; പാമ്പുവളർത്തൽ കേന്ദ്രമായും മാറി ആലപ്പുഴ: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിമുതലുകൾ കുന്നുകൂടുന്നു. ഏറെയും പ്രതികളിൽനിന്ന് പിടിച്ച വാഹനങ്ങളാണ്. ചിലയിടങ്ങളിൽ വഴിപോലും അടഞ്ഞ് പഴയ വാഹനങ്ങൾ തുരുമ്പെടുത്തും അല്ലാതെയും കിടക്കുന്നു. ഇഴജന്തുക്കളുടെ വാസസ്ഥലമായും മാറി. കുറച്ച് സ്റ്റേഷനുകളിൽ മാത്രമാണ് ഇത്തരം വാഹനങ്ങൾ ലേലം ചെയ്തും മറ്റും സ്ഥലം ഒഴിവാക്കിയത്. എട്ട് വർഷംവരെയായ തൊണ്ടിമുതലുകളാണ് ജില്ലയിൽ പലസ്റ്റേഷനുകളിലുമുള്ളത്. കോടതിയിൽ വിചാരണയുമായി ബന്ധപ്പെട്ട് സൂക്ഷിച്ച വാഹനങ്ങൾ കോടതി നിർദേശപ്രകാരം ഹാജരാക്കേണ്ടി വരും. ചില കേസുകളിൽ ഉടമകൾ കോടതിയിൽനിന്ന് ഉത്തരവ് വാങ്ങി കൊണ്ടുപോകാറുണ്ട്. പിന്നീട് കോടതി ആവശ്യപ്പെടുമ്പോൾ ഉടമ തന്നെ വാഹനം ഹാജരാക്കണം. കോടതി അനുമതി ലഭിച്ചശേഷമേ ലേലം ചെയ്യാനും സാധിക്കൂ. സ്റ്റേഷനിൽ ഇതുമൂലം പാർക്കിങ് സൗകര്യമില്ല. ആലപ്പുഴ സൗത്ത് സ്റ്റേഷൻ പരിസരത്ത് 29 ബൈക്ക് ഉൾപ്പെടെ 42 വാഹനങ്ങളാണ് തൊണ്ടിയായിട്ടുള്ളത്. കാറും വാനും ഓട്ടോയുമുണ്ട് കൂട്ടത്തിൽ. ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ അപകടമരണത്തെ തുടർന്ന് പിടിച്ചിട്ട ലോറി ഉൾപ്പെടെ 65 വാഹനങ്ങളുണ്ട്. കവർച്ചക്കേസിലും നിരോധിച്ച പുകയില ഉൽപന്നങ്ങളുമായും പിടികൂടിയ കാറുകൾ, 58 ബൈക്ക് എന്നിവയടക്കമാണിത്. സ്റ്റേഷന് മുന്നിലെ റോഡിൽ ഗതാഗതം കുറവായതിനാൽ റോഡരികിലാണ് ലോറി ഉൾപ്പെടെ കിടക്കുന്നത്. ചെങ്ങന്നൂർ സ്റ്റേഷൻ പരിസരത്ത് നൂറിലേറെ തൊണ്ടിവാഹനങ്ങൾ തുരുമ്പെടുക്കുന്നു. റവന്യൂ, മോട്ടോർ വാഹന വകുപ്പുകളുടെ കേസുകളിൽ പിടിച്ച വാഹനങ്ങളും ഇവിടെയുണ്ട്. മണ്ണുകടത്തിനു പിടിയിലായ ലോറികളും കൂട്ടത്തിലുണ്ട്. പാമ്പുകളുടെ താവളവുമാണിവിടം. പൊലീസ് ഉദ്യോഗസ്ഥരുടെയും സ്റ്റേഷനിൽ എത്തുന്ന മറ്റുള്ളവരുടെയും വാഹനങ്ങൾ നിർത്താൻ ഇടമില്ല. പലപ്പോഴും മുന്നിലെ വീതികുറഞ്ഞ റോഡിലാണ് പാർക്കിങ്. ഹരിപ്പാട് സ്റ്റേഷനിൽ കേസ് കഴിഞ്ഞ വാഹനങ്ങൾ കഴിഞ്ഞ വർഷം ലേലം ചെയ്തിരുന്നു. കേസ് തീരാത്തവ കോടതിയുടെ ഉത്തരവ് കാത്തുകിടക്കുന്നു. വള്ളികുന്നം സ്റ്റേഷനിൽ സ്ഥലമുള്ളതിനാൽ തൊണ്ടിവാഹനങ്ങൾ അസൗകര്യമുണ്ടാക്കുന്നില്ല. കുത്തിയതോട് സ്റ്റേഷന് മുൻഭാഗത്തും ക്വാർട്ടേഴ്സിനോട് ചേർന്നുമാണ് തൊണ്ടിവാഹനങ്ങൾ കിടക്കുന്നത്. മാവേലിക്കര സ്റ്റേഷന് ഇപ്പോൾ തൊണ്ടി വാഹനങ്ങളുടെ വലിയ ബാധ്യതയില്ല. നേരേത്ത ലേലം നടന്നതിനാൽ കുറച്ചുവാഹനങ്ങളേയുള്ളൂ. പൂച്ചാക്കൽ സ്റ്റേഷൻ വളപ്പിൽ 50ൽ ഏറെ വാഹനങ്ങളുണ്ട്. ഏറെയും ഇരുചക്രവാഹനങ്ങൾ. ഇവിടം കാടുപിടിച്ചാണ് കിടക്കുന്നത്. പട്ടണക്കാട് പൊലീസ് സ്റ്റേഷന് പിന്നിൽ 18 ഇരുചക്ര വാഹനങ്ങൾ കിടക്കുന്നു. അപകടത്തിൽപെട്ടവയാണ് ഏറെയും. നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമുണ്ട്. സ്വന്തം സ്ഥലവും കെട്ടിടവുമില്ലാത്ത സ്റ്റേഷനാണ് അരൂർ. സഹകരണ ബാങ്ക് കെട്ടിടത്തിലാണ് പ്രവർത്തനം. സ്റ്റേഷനു പിന്നിലാണ് തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നത്. 16 വാഹനങ്ങൾ ഇവിടെയുണ്ട്. കായംകുളം സ്റ്റേഷനിൽ 18 വാഹനങ്ങളാണ് ക്വാർട്ടേഴ്സ് വളപ്പിൽ കിടന്ന് നശിക്കുന്നത്. വ്യക്തമായ രേഖകളില്ലാത്തതും അപകടത്തിൽപെട്ട് നന്നാക്കാൻ കഴിയാത്തവയുമാണിവ. നൂറനാട്ട് സ്റ്റേഷൻ പരിസരത്ത് നൂറിലേറെ വാഹനങ്ങൾ കിടക്കുന്നു. കാടുമൂടി കിടക്കുന്ന ഇവിടെ പാമ്പുകളുടെ ശല്യവുമുണ്ട്. ചേർത്തലയിൽ ഉടമകൾ എത്താത്ത 54 വാഹനങ്ങളാണ് കിടക്കുന്നത്. കേസ് പൂർത്തിയായിട്ടും ഉടമ എടുക്കാത്തവയും അപകടത്തിൽപെട്ടവയും മോഷ്ടിച്ചവയുമാണ് ഇവ. കുറത്തികാട് സ്റ്റേഷനോട് ചേർന്നുള്ള പുരയിടത്തിലാണ് തൊണ്ടിയായ ഇരുചക്രവാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. മുഹമ്മ സ്റ്റേഷനിൽ 25 ഇരുചക്ര വാഹനങ്ങളും ഒരു ലോറിയും ഒരു ഓട്ടോയും ഒരു മണലൂറ്റ് യന്ത്രവുമാണ് തൊണ്ടിമുതലായി കിടക്കുന്നത്. അമ്പലപ്പുഴ ഡിവൈ.എസ്.പി ഓഫിസിന് സമീപം 76 വാഹനങ്ങളുണ്ട്. ഇവയിൽ ചിലതിൽ ഇഴജന്തുക്കളും വസിക്കുന്നു. പുന്നപ്ര സ്റ്റേഷന് പിന്നിൽ രേഖകളില്ലാത്ത 120 ബൈക്ക് കിടക്കുന്നു. പാസില്ലാതെ മണൽ കടത്തിയ എട്ട് ലോറി ദേശീയപാതക്കരികിൽ അഞ്ചു മാസമായി കിടക്കുന്നു. കരീലക്കുളങ്ങര സ്റ്റേഷൻ പരിസരത്ത് ഒമ്പത് വാഹനങ്ങളുണ്ട്. APL POLICE STATION ആലപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കിടക്കുന്ന വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.