ബണ്ടിൽനിന്ന്​ കായലിൽവീണ ടോറസ് ലോറി കരക്കെത്തിച്ചു

മുഹമ്മ: തണ്ണീർമുക്കം ബണ്ടിൽനിന്ന്​ കായലിൽവീണ ടോറസ് ലോറി കരയിലെത്തിച്ചു. 10 മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഞായറാഴ്ച വൈകീട്ടാണ്​ ടോറസ് ഒന്നാം ബണ്ടിനോട് ചേർന്ന തുരുത്തിൽ കയറ്റിയത്. ഞായറാഴ്ച രാവിലെ മുതൽ ടോറസ് കരക്കെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. വലിയ ബാർജർ കായലിലിറക്കി അതുവഴി ക്രെയിൻ നടുക്കെത്തിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കപ്പൽ ഉയർത്താൻ കൊണ്ടുവന്ന ക്രെയിൻ ഉച്ചയോടെ എറണാകുളം ഇരുമ്പനത്തുനിന്ന് എത്തിച്ചാണ് വൈകീട്ട് നാലോടെ ലോറി ഉയർത്തിയത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ രണ്ട് ടോറസ് ലോറികൾ കൂട്ടിയിച്ചാണ് പൊന്നാട് സ്വദേശി ഹാരിസിന്‍റെ ടോറസ് ബണ്ടിന്‍റെ കൈവരികൾ തകർത്ത് കായലിൽ വീണത്. ഡ്രൈവർ ആര്യാട് തെക്ക് ആതിര ഭവനിൽ അഭിലാഷ് (കണ്ണൻ) ലോറിയിൽനിന്ന്​ ചാടി രക്ഷപ്പെട്ടു. വൈക്കം ഭാഗത്തുനിന്ന് പാറപ്പൊടിയുമായി വന്ന ലോറി ആലപ്പുഴ ഭാഗത്തുനിന്ന് പോവുകയായിരുന്ന കാലി ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാലി ടിപ്പർ കൈവരി തകർത്താണ്​ കായലിൽ വീണത്​. ചേർത്തലയിൽനിന്നും വൈക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും കായലിൽ വീണ ടിപ്പർ ഉയർത്താനായില്ല. വാഹനം പൂർണമായി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ആലപ്പുഴ ബീച്ചിൽ പ്രദർശനത്തിന് ​വെച്ച കപ്പൽ ഉയർത്താൻ കൊണ്ടുവന്ന ക്രെയിൻ എത്തിച്ചാണ് ലോറി ഉയർത്തിയത്. ബണ്ട് പാലത്തിൽനിന്നുതന്നെ ലോറി ഉയർത്തി രണ്ടാം ക്രെയിനിന്റെ സഹായത്തിൽ ബാർജറിൽ കയറ്റി കരക്കടുപ്പിച്ച് ക്രെയിൻ ഉപയോഗിച്ചുതന്നെ കരക്കുകയറ്റുകയായിരുന്നു. വലിയ ക്രെയിൻ ഉപയോഗിച്ച് ബണ്ട് പാലത്തിൽനിന്നുതന്നെ ലോറി ഉയർത്താമായിരുന്നെങ്കിലും ഇത്​ പാലത്തിന്​ കേടുപാടുകൾക്കിടയാക്കുമെന്നതിനാൽ ജലസേചനവകുപ്പ് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാർജിൽ കയറ്റിയ ടോറസ് ബണ്ട് തുരുത്തിന്റെ കിഴക്കുഭാഗത്തെത്തിച്ച്​ ക്രെയിൻ ഉപയോഗിച്ചുതന്നെ കരയിലേക്കെത്തിച്ചത്. ജലസേചനവകുപ്പിന്റെയും പൊലീസിന്റെയും ഇറിഗേഷൻ വകുപ്പധികൃതരുടെയും വൈദ്യുതി വകുപ്പ് അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ. മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബണ്ട് പാലത്തിലൂടെ ഗതാഗതം കുറവായിരുന്നെങ്കിലും വലിയ ക്രെയിൻ എത്തിയതോടെ പൂർണമായും ഗതാഗതം നിരോധിച്ചായിരുന്നു പ്രവർത്തനങ്ങൾ. പടം: തണ്ണീർമുക്കം ബണ്ടിൽനിന്ന്​ കായലിൽവീണ ടോറസ് ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.