അക്ഷയകേന്ദ്രത്തിലെ നിരക്കുകൾ പ്രദർശിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: അക്ഷയകേന്ദ്രങ്ങൾ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകൾ മലയാളത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ല അക്ഷയ പ്രോഗ്രാം ഓഫിസർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ഭാഷാ പരിജ്ഞാനം കുറഞ്ഞവർക്കും സാധാരണക്കാർക്കും തങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്‍റെ നിരക്കുകൾ അറിയാൻ ന്യായമായ അവകാശമുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. സേവനങ്ങൾക്ക് കൃത്യമായ രസീത് നൽകണമെന്നും ആവശ്യപ്പെട്ടു. അക്ഷയകേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കുന്നതിനെതിരെ കാർത്തികപ്പള്ളി സ്വദേശി പ്രസന്നൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജില്ല അക്ഷയ പ്രോജക്ട്​ ഓഫിസറിൽ നിന്ന്​ ലഭിച്ച റിപ്പോർട്ടിൽ അക്ഷയ സെന്‍ററുകളിലെ ഓൺലൈൻ സേവനങ്ങൾക്ക് രസീത്​ നൽകാറുണ്ടെന്ന് വ്യക്തമാക്കുന്നു. ആവശ്യപ്പെടുന്ന പക്ഷം പ്രിന്‍റഡ് രസീത് നൽകും. എന്നാൽ, വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങളുടെ ഫീസ് എത്രയാണെന്ന് വ്യക്തമല്ലെന്ന് പരാതിക്കാരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.