കോവിഡ്​ സാംപിൾ കുതിക്കുന്നു; പരിശോധനഫലം കിട്ടാൻ ഒരാഴ്ച വരെ

ആലപ്പുഴ: ജില്ലയിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധനക്ക്​ ശേഖരിക്കുന്ന സാംപിളുകളുടെ ഫലം ഒരാഴ്ചവരെ വൈകുന്നു. സാംപിൾ എണ്ണം കൂടിയതും പരിശോധനകേന്ദ്രങ്ങളിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതുമാണ് ഫലം വൈകിക്കുന്നത്​. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻ.ഐ.വി) ആലപ്പുഴ യൂനിറ്റിലും ആലപ്പുഴ മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിലുമാണ് ജില്ലയിൽ കോവിഡ് പരിശോധനകൾ നടക്കുന്നത്. ദിനേന 700നും 1000നും ഇടയിൽ സാംപിളാണ്​ സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലുമായി ഇതിന്റെ മൂന്നിരട്ടിയോളം പരിശോധനക്ക്​ എത്തുന്നു. ആലപ്പുഴ ടൗണിലെ പ്രമുഖ സ്വകാര്യ ലാബിൽ മൂന്നു ദിവസങ്ങളിലായി മൂവായിരത്തിനുമേൽ സാംപിളാണ്​ പരിശോധിച്ചത്​. സ്വകാര്യ ലാബുകളിൽ 24 മണിക്കൂറിനുള്ളിൽ ആർ.ടി പി.സി.ആർ പരിശോധനഫലം ലഭിക്കുമ്പോഴാണ് സർക്കാർ ലാബുകളിൽ മൂന്ന്​ മുതൽ ഏഴ്​ ദിവസം വരെ വൈകി ഫലം ലഭിക്കുന്നത്. അപ്പോഴേക്കും കോവിഡ് ബാധിച്ചവർ വഴി കൂടുതൽ പേരിലേക്ക് രോഗവ്യാപനമുണ്ടാകാൻ സാധ്യത ഏറെയാണ്​. കോവിഡ് രണ്ടാം തരംഗം അവസാനിച്ചതോടെ എൻ.ഐ.വി ലാബിലുണ്ടായിരുന്ന എൻ.എച്ച്.എം കരാർ ജീവനക്കാരായ 15 പേരെ ഒക്ടോബറിൽ പിരിച്ചുവിട്ടിരുന്നു. മുമ്പ്​ ദിനേന 1800-2000 സാംപിൾ പരിശോധിച്ചിരുന്നു. ഒക്ടോബർ അവസാനമായപ്പോഴേക്കും ദിവസം പരിശോധനക്ക്​ എത്തുന്നത്​ 200 സാംപിൾ വരെയായി കുറഞ്ഞതോടെയാണ് കരാർ ജീവനക്കാരെ പിരിച്ചുവിട്ടത്. ഐ.സി.എം.ആർ കോവിഡ് പരിശോധനക്ക്​ നിയോഗിച്ച ആറുപേരും ലാബിലെ സ്ഥിരം ജീവനക്കാരും മാത്രമാണ് നിലവിലുള്ളത്. ആഴ്ചയിൽ 3500 സാംപിൾ പരിശോധിക്കാനുള്ള ശേഷി മാത്രമാണ് നിലവിൽ എൻ.ഐ.വിക്കുള്ളത്​. കോവിഡിനുപുറമെ മറ്റു പരിശോധനകളും ഇവിടെ നടക്കുന്നതിനാൽ ജീവനക്കാർ രോഗബാധിതരായും മറ്റും അവധിയിൽ പ്രവേശിച്ചാൽ പരിശോധനയുടെ വേഗം കുറയും. മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിൽ ശരാശരി 300 മുതൽ 325 സാംപിൾ വരെയാണ്​ പരിശോധനക്ക്​ വരുന്നത്​. നിലവിൽ അഞ്ച്​ ടെക്നീഷൻമാരാണ്​ ഇവിടെയുള്ളത്​. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലുമായി 54 പേരെ കരാർ വ്യവസ്ഥയിൽ നിയമിക്കാൻ സർക്കാർ നിർദേശമുണ്ട്. അടുത്താഴ്ചയോടെ അഭ‍ിമുഖം നടത്തി ജീവനക്കാരെ നിയമിക്കാനാകുമെന്ന് അധികൃതർ പറയുന്നു. ശിരോവസ്ത്രനിഷേധം മൗലിക അവകാശത്തിനെതിര്​ -കെ.എൻ.എം ആലപ്പുഴ: സ്റ്റുഡന്റ്​ പൊലീസ്‌ കാഡറ്റിൽ തട്ടം വിലക്കിയ സർക്കാർ ഉത്തരവ് മതാചാരത്തിനും മൗലികാവകാശത്തിനും എതിരാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും കെ.എൻ.എം മർക്കസുദ്ദഅ്​വ സംസ്ഥാന സെക്രട്ടറി കെ.എ. സുബൈർ അരൂർ, സംസ്ഥാന സമിതി അംഗം ഷമീർ ഫലാഹി, ജില്ല പ്രസിഡന്റ്‌ സി.കെ. അസൈനാർ, സെക്രട്ടറി എ.പി. നൗഷാദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിൽ പറയുന്ന മതേതരത്വം മതനിരാസമല്ല. എല്ലാ മതങ്ങളും ജാതികളും വൈവിധ്യങ്ങളും ഉൾക്കൊള്ളുന്ന നാനാത്വമാണ്‌. മതവെറി അടിച്ചേൽപിക്കാൻ മതേതരത്വം ദുർവ്യാഖ്യാനം ചെയ്ത്​ ന്യൂനപക്ഷങ്ങളെ മുഖ്യധാരയിൽനിന്ന്​ മാറ്റിനിർത്തുന്ന ഗൂഢ നീക്കങ്ങൾക്കെതിരെ സമൂഹം പ്രതികരിക്കുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.