ആളനക്കമുണ്ടായിട്ടെന്തു കാര്യം? കോവിഡ്​ കാലത്തും മോഷ്ടാക്കൾ വിലസുന്നു

പല കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല ആലപ്പുഴ: കോവിഡ്​ കാലമായതിനാൽ വീടുകളിൽ ആളൊഴിയുന്നത്​ അപൂർവം. മിക്ക വീടുകളിലും എപ്പോഴും ആളുണ്ട്. എന്നിട്ടും മോഷണങ്ങൾക്ക് മാത്രം കുറവില്ല. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ പലയിടത്തായി മോഷണങ്ങളോ മോഷണശ്രമങ്ങളോ ഉണ്ടായി. നൂറനാട് പൊലീസ് സ്റ്റേഷന് മുന്നിലെ നേർച്ചവഞ്ചിയിൽനിന്ന്​ പണം മോഷ്ടിച്ചതാണ്​ ഒടുവിലത്തേത്​. കുത്തിയതോട് വിളഞ്ഞൂർ ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടറിൽനിന്നും പണം പോയി. മാവേലിക്കര കുന്നത്ത് അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട്​ ബംഗാൾ സ്വദേശികളെ പിടികൂടിയിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷന്​ മുന്നിലെ ജമാഅത്ത് പള്ളി വക വഞ്ചി ബുധനാഴ്ച കുത്തിത്തുറന്നു. പ്രതികളെ കണ്ടെത്തിയിട്ടില്ല. കുത്തിയതോട് വിളഞ്ഞൂർ ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടറിൽനിന്ന് 585 രൂപയാണ്​ നഷ്ടപ്പെട്ടത്​. കഴിഞ്ഞ ദിവസം പുലർച്ച പൂജാരി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശ്രീകോവിലിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര കുന്നത്തെ വീട്ടിൽ മോഷണം നടത്തിയ ബംഗാൾ സ്വദേശികളായ ഷാഹിൻ മണ്ഡൽ (31), തറിക്വിൽ ഗാസി (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സഞ്ചിയിൽ നിന്ന്​ നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നിവയും ചുറ്റിക, കമ്പി തുടങ്ങിയവയും കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ കുന്നം നമ്പ്യാർ വില്ലയുടെ അടുക്കളവാതിൽ തകർത്തു പൂജാമുറിയിൽനിന്ന് അപഹരിച്ചതാണ് ഓട്ടുപകരണങ്ങളെന്ന്​ സമ്മതിച്ചു. ചെട്ടികുളങ്ങര പേളയിൽ വാടകയ്ക്കു താമസിക്കുന്ന പ്രതികൾ കൃഷ്ണപുരം സ്വദേശിയുടെ കരാർ ജോലിക്കാരാണെന്ന്​ പൊലീസ് പറഞ്ഞു. പലകേസുകളിലും പ്രതികൾ പിടിയിലാകുന്നുണ്ടെങ്കിലും തെളിയാത്ത കേസുകളും നിരവധിയാണ്. ഒരു മാസം മുമ്പ്​ അരൂർ പാവുമ്പായി ക്ഷേത്രത്തിൽ ഓട് പൊളിച്ച് കയറിയ മോഷ്ടാവ് 5 പവൻ സ്വർണവും 10,000 രൂപയും കവർന്നിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കള്ളനെ പിടികൂടിയിട്ടില്ല. ഹരിപ്പാട് മേഖലയിൽ രണ്ടാഴ്ചക്കിടെ 15 മോഷണങ്ങളാണ് നടന്നത്. മാവേലിക്കര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്​ പുറത്തെ നാല്​ കാണിക്കവഞ്ചി കുത്തിത്തുറന്ന്​ പണം അപഹരിച്ച സംഭവത്തിലെയും മാവേലിക്കരയിലെ സ്വകാര്യ സ്കൂൾ, ജല അതോറിറ്റി ഓഫിസ്, കൊറ്റാർകാവിലെ വീട് എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെയും പ്രതികളെ കിട്ടിയിട്ടില്ല. കായംകുളത്ത് ആരാധനാലയങ്ങളിലാണ്​ കൂടുതൽ മോഷണം നടന്നത്​. കുറ്റിത്തെരുവ് ജുമാമസ്ജിദിലും ദേശത്തിനകം ഗുരുക്ഷേത്രത്തിലും മൂന്ന്​ ദിവസം മുമ്പ്​ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. ഗുരുക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്ന് കാണിക്ക വഞ്ചിയിൽനിന്ന് 15,000 രൂപയാണ്​ മോഷ്ടിച്ചത്​. പള്ളിയിൽനിന്ന് 1,500 രൂപയാണ് കാണാതായത്​. ഒരു വർഷം മുമ്പ്​ പള്ളിയുടെ ഓഫിസ് കുത്തിത്തുറന്ന് 60,000 രൂപ മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ചേർത്തല വെള്ളിയാകുളത്ത് രണ്ട്​ വീടുകളിൽ സെപ്റ്റംബർ 13ന് മോഷണം നടന്നു. ഒരു വീട്ടിൽനിന്ന് സ്വർണ മോതിരവും ഒരിടത്തുനിന്ന്​ സൈക്കിളും കാണാതായി. ഡിസംബർ മൂന്നിന്​ തിരുവിഴ, അരീപ്പറമ്പ് മേഖലയിൽ വീടുകളിൽ മോഷണ ശ്രമമുണ്ടായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് ചൂഴനാട്ട് ജലജയെ (69) ആക്രമിച്ച് ഒരു പവന്റെ മാല കവർന്നു. നാല്​ വീടുകളിൽ മോഷണശ്രമം നടന്നു. മോഷ്ടാക്കളുടെ വ്യക്തമല്ലാത്ത ദൃശ്യങ്ങൾ സി.സി ടിവിയിൽ ലഭിച്ചെങ്കിലും പിടികൂടാനായില്ല. ഒരു മാസം മുമ്പ്​ ചേരാവള്ളി പ്രദേശത്ത് ഏഴ്​ വീടുകളിൽ മോഷണം നടന്നു. ഇവിടെയും മോഷ്ടാവ് രാത്രി റോഡിലൂടെ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. രണ്ട്​ മാസം മുമ്പ്​ എരുവ, പത്തിയൂർ എന്നിവിടങ്ങളിൽ വീടുകളിലും കടകളിലും തുടർച്ചയായി മൂന്ന്​ ദിവസം മോഷണം നടന്നു. നൂറനാട് പൊലീസ് സ്​റ്റേഷൻ പ്രദേശത്ത് മൂന്ന്​ മാസത്തിനുള്ളിൽ കടകളിൽ ഉൾപ്പെടെ ഒട്ടേറെ മോഷണങ്ങളുണ്ടായി. ഒരു സംഭവത്തിലും പ്രതികളെ പിടികൂടാനായിട്ടില്ല. അടച്ചിട്ടിരുന്ന മൂന്ന്​ വീടുകൾ കുത്തിത്തുറന്നു. ചാരുംമൂട് ജങ്​ഷനിലെ സൂപ്പർ മാർക്കറ്റിലും മോഷണം നടന്നു. മൂന്ന്​ ദിവസം മുമ്പ്​ നൂറനാട് പത്താംകുറ്റി ജങ്​ഷനിലെ മെഡിക്കൽ സ്​റ്റോറിൽനിന്ന് 17,000 രൂപ നഷ്ടമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.