കോവിഡ് വ്യാപനം: പ്രതിരോധ-ചികിത്സ സംവിധാനങ്ങൾ അതിവേഗം പുനഃസ്ഥാപിച്ച്​ അധികൃതർ

ആലപ്പുഴ: കോവിഡ് അതിവേഗം പടരവെ ആദ്യ ഘട്ടത്തിലെ പ്രതിരോധ നടപടി പലതും അതിവേഗം പുനഃസ്ഥാപിക്കുന്ന തിരക്കിലാണ്​ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പ്​ അധികൃതരും. ആദ്യഘട്ടത്തിലെ പ്രധാന ചികിത്സ സംവിധാനമായിരുന്ന കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്‍റ്​ സെന്‍ററുകൾ (സി.എഫ്.എൽ.ടി.സി) പുനരാരംഭിക്കുന്നതിന്​ പുറമെ ട്രയാജുകളും സജ്ജമാകുകയാണ്​. സി.എഫ്.എൽ.ടി.സികളിൽ കിടക്കകളും മറ്റും സജ്ജീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഏറെ പണം ചെലവിട്ടിരുന്നു. കോവിഡ് നിയന്ത്രണത്തിലായിത്തുടങ്ങിയപ്പോൾ ഇവ അടച്ചു. കിടത്തിച്ചികിത്സിക്കേണ്ടവരുടെ എണ്ണം കൂടിയേക്കാവുന്ന പശ്ചാത്തലത്തിൽ ഇവ വീണ്ടും സജ്ജമാക്കുകയാണ്. മെഡിക്കൽ കോളജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര ഗവ. ആശുപത്രികളിലും ട്രയാജുകൾ തുടങ്ങി. മെഡിക്കൽ കോളജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും സെക്കൻഡ് ലൈൻ ചികിത്സ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജിലേത് ഗുരുതര സ്ഥിതിയിലുള്ളവർക്ക്​ മാത്രമാണ് (സി കാറ്റഗറി). കോവിഡ് കാഷ്വാലിറ്റി മാത്രം പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ട്രയാജ്. ഇവിടങ്ങളിൽ പൊതുവെ കിടത്തിച്ചികിത്സ ഇല്ല. എന്നാൽ, വാർഡ് സൗകര്യം ഉള്ള സ്ഥലങ്ങളിൽ കിടത്തിച്ചികിത്സയും ഉണ്ടാവും. കോവിഡ് ബാധിതരെ മാത്രമാണ് ട്രയാജുകളിൽ പരിശോധിക്കുന്നത്. കോവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും ഇവിടെ ചികിത്സ തേടാം. സി.എഫ്.എൽ.ടി.സികളിൽ കിടത്തിച്ചികിത്സയുണ്ടാവും. ഹാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഏറ്റെടുത്താണ് സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കുന്നത്​. വളവനാട് ഡി.സി മിൽസിലും മുളക്കുഴ സെഞ്ചുറി ആശുപത്രിയിലുമാണ് സി.എഫ്.എൽ.ടി.സികൾ വീണ്ടും തുറന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ് പ്രധാനമായും സൗകര്യം ഒരുക്കുന്നത്. മെഡിക്കൽ കോളജിലേക്ക്​ ഗുരുതരാവസ്ഥയിലുള്ളവർ മാത്രം കോവിഡ് ബാധിച്ച്​ ഗുരുതരാവസ്ഥയിലുള്ളവരെ (സി കാറ്റഗറി) മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിർദേശം. എന്നാൽ, ലക്ഷണങ്ങൾ മാത്രമുള്ളവരും ചികിത്സക്കെത്തുന്നുണ്ട്​​. ഇതോടെ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും കിടക്കകളും ഉൾപ്പെടെ സൗകര്യങ്ങളും തികയാതെ വരുമെന്ന് ആശങ്കയുണ്ട്​. ഏറ്റവും ഗുരുതര പ്രശ്നമുള്ളവരെയാണ് സി കാറ്റഗറിയായി കണക്കാക്കുന്നത്. ഈ വിഭാഗത്തിലുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ‍ മാത്രമാണ് ചികിത്സിക്കുന്നത്. ബി വിഭാഗക്കാരെ മറ്റ് ആശുപത്രികളിൽ ചികിത്സിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.