വയോധികക്ക് നഷ്ടപ്പെട്ട ജോലി തിരികെനൽകണം -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് ഔട്ട്പോസ്റ്റ് തുടങ്ങിയകാലം മുതൽ പാർട്ട് ടൈം സ്വീപ്പറായി ജോലിചെയ്തിരുന്ന വയോധികക്ക് നഷ്ടപ്പെട്ട ജോലി തിരികെനൽകുന്ന കാര്യത്തിൽ മാനുഷിക സമീപനമുണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. 2013 മുതൽ 15 വരെ പരാതിക്കാരിക്ക് ജോലി നൽകിയിട്ടുണ്ടെന്ന് ജില്ല പൊലീസ്​ മേധാവിയുടെ റി​പ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ജി.ഒ പി 61/2010 പ്രകാരം കുടുംബശ്രീ അംഗങ്ങളെ മാത്രമേ താൽക്കാലിക സ്വീപ്പർമാരായി നിയമിക്കാൻ പാടുള്ളൂവെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ ഇതനുസരിച്ചാണ്​ നിയമനം. പരാതിക്കാരിയായ മണ്ണഞ്ചേരി സ്വദേശിനി കല്യാണി ഒരു കുടുംബശ്രീ യൂനിറ്റിലും അംഗമാകാത്തതുകൊണ്ടാണ് അപേക്ഷ പരിഗണിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പരാതിക്കാരി മണ്ണഞ്ചേരി ബിസ്മി കുടുംബശ്രീ യൂനിറ്റിൽ അംഗമാണെന്ന സർട്ടിഫിക്കറ്റ് കമീഷനിൽ ഹാജരാക്കി. ഈ സർട്ടിഫിക്കറ്റ്​ പരിഗണിക്കണമെന്നും പരാതിക്കാരിയുടെ പ്രായവും അവർ ദീർഘകാലം ജോലിചെയ്തിരുന്നു എന്ന അപേക്ഷയും പരിഗണിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.