നഗരസഭാ പുത്രി രഞ്ജിനി സുമംഗലിയായി; നിറപറയും വിളക്കും നൽകി നഗരസഭാധ്യക്ഷ

കൈ പിടിച്ചുകൊടുത്ത്​ എ.എം. ആരിഫ്​ എം.പി ആലപ്പുഴ: ഗവ. മഹിള മന്ദിരത്തിലെ അന്തേവാസി രഞ്ജിനി സുമംഗലിയായി. ചെറുപ്രായം മുതൽ നഗരസഭയുടെയും വനിത-ശിശു ക്ഷേമവകുപ്പിന്‍റെയും മകളായി മഹിള മന്ദിരത്തിൽ കഴിഞ്ഞിരുന്ന രഞ്ജിനിയുടെ കഴുത്തിൽ മിന്നുകെട്ടിയത്​ കൈനകരി കുട്ടമംഗലം പൗവത്ത് പറമ്പ് രമേശൻ-സുധർമ ദമ്പതികളുടെ മകൻ സുരാജാണ്​. ടൗൺഹാളിലെ വിവാഹവേദിയിൽ അമ്മയുടെ സ്ഥാനത്തുനിന്ന് നിറപറയും വിളക്കും നൽകിയത്​ നഗരസഭാധ്യക്ഷ സൗമ്യരാജ്​. കൈ പിടിച്ചുകൊടുത്തത് എ.എം. ആരിഫ് എം.പിയും വരണമാല്യമെടുത്ത്​ കൊടുത്തത് എച്ച്. സലാം എം.എൽ.എയും. ആശീർവദിക്കാൻ കലക്ടർ എ. അലക്സാണ്ടറുമെത്തി. കല്യാണച്ചെറുക്കനെ സ്വീകരിച്ചത് നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈനാണ്​. ചടങ്ങിന്​ സാക്ഷികളാകാൻ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ്, വനിത-ശിശു വികസന ഓഫിസർ എൽ. ഷീബ, മഹിളമന്ദിരം സൂപ്രണ്ട് ജി.ബി. ശ്രീദേവി, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും എത്തിയിരുന്നു. തലേദിവസം മഹിളമന്ദിരം കാമ്പസിൽ മെഹന്തിയും ഗാനമേളയും വിരുന്നും ഒരുക്കിയിരുന്നു. പൊന്നും മിന്നും അടക്കം നഗരസഭ സ്​പോൺസർഷിപ്പിലൂടെയാണ്​ കണ്ടെത്തിയത്​. വനിത-ശിശുക്ഷേമ വകുപ്പിന്‍റെ വകയായിരുന്നു പെൺകുട്ടിക്ക്​ പോക്കറ്റ് മണി. ശാന്തിമന്ദിരത്തിലെയും മഹിളമന്ദിരത്തിലെയും അന്തേവാസികൾക്കെല്ലാം പുതുവസ്ത്രവും നൽകി. വെള്ളിയാഴ്ച നഗരസഭ നല്ല വാതിൽ കാണാനും പോവുന്നുണ്ട്. APL mahila mandiram vivaham രഞ്ജിനിയും വ​രൻ സുരാജും നഗരസഭാധ്യക്ഷ സൗമ്യരാജ്​, എ.എം. ആരിഫ്​ എം.പി, എച്ച്​. സലാം എം.എൽ.എ എന്നിവർക്കൊപ്പം കല്യാണമണ്ഡപത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.