വ്യാജ ഡോക്ടര്‍ പിടിയിൽ

മാരാരിക്കുളം: വീട്ടില്‍ അലോപ്പതി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടർ പിടിയിലായി. കഞ്ഞിക്കുഴി പഞ്ചായത്ത് 13 ാം വാര്‍ഡ് വനസ്വര്‍ഗം സ്വദേശി മറിയാമ്മയെയാണ്​ (59) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ദീര്‍ഘനാളായി മറിയാമ്മ വീട്ടില്‍ അലോപ്പതി ചികിത്സ നടത്തിവരുകയായിരുന്നു. കോവിഡ് വന്നതോടെ വീട് ക്ലിനിക്കാക്കി മാറ്റി. ദിവസവും നൂറോളം നാട്ടുകാര്‍ ചികിത്സ തേടി എത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ പരിശോധനക്ക്​ എത്തിയിരുന്നു. ഈ ഡോക്ടര്‍മാരുടെ പേരും ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജില്ല പൊലീസ് ചീഫിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മാരാരിക്കുളം പൊലീസ് ചൊവ്വാഴ്ച മറിയാമ്മയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്.രാജേഷും സംഘവും എത്തിയപ്പോള്‍ പത്തോളം പേര്‍ മരുന്ന് വാങ്ങാന്‍ എത്തിയിരുന്നു. യോഗ്യത രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മിലിട്ടറി നഴ്‌സാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. നഴ്‌സിങ്​ സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ മലപ്പുറം കൊണ്ടോട്ടിയില്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിവരവേ നഷ്ടപ്പെട്ടതായി പറഞ്ഞു. തുടർന്നാണ്​ അറസ്റ്റ്​ ചെയ്തത്​. മാരാരിക്കുളം അഡീഷനല്‍ എസ്.ഐ എ.സഞ്ജീവ്, എ.എസ്.ഐ മാരായ പി.രാജേഷ്, ആര്‍.രാജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീഷ്,സുധീഷ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.