സാമ്പത്തിക പ്രതിസന്ധിയിലെന്ന്​ പുന്നപ്ര ശാന്തിഭവൻ

അമ്പലപ്പുഴ: തെരുവുകുട്ടികളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവൻ സാമ്പത്തിക ബുദ്ധിമുട്ടിലെന്ന്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ. ഇവിടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 180ഓളം അന്തേവാസികളുണ്ട്. ഇവരെ ശുശ്രൂഷിക്കുന്നതിന്​ 10 ജീവനക്കാരുണ്ട്. ഇവരുടെ വേതനവും ശാന്തിഭവ‍ന്‍റെ ദൈനംദിന ചെലവുൾപ്പെടെ ഏഴ്​ ലക്ഷം രൂപയോളം മാസം വേണം. എന്നാൽ, സർക്കാറിൽ നിന്നുള്ള ഗ്രാൻറ് കൃത്യമായി കിട്ടുന്നില്ല. തെരുവിൽനിന്നുള്ള അനാഥരെ മാത്രമാണ് ഇവിടെ ശുശ്രൂഷിക്കുന്നത്. പാരിതോഷികം വാങ്ങി ആരെയും ഇവിടെ പ്രവേശിപ്പിക്കാറില്ല. കോവിഡിന്‍റെ തുടക്കത്തിൽ സമൂഹവും അധികൃതരും തിരിഞ്ഞുനോക്കാതിരുന്ന 80ഓളം പേർക്കാണ് ശാന്തിഭവൻ അഭയം നൽകിയത്. ഇവരിൽ പലരെയും പൊതുപ്രവർത്തകരും പൊലീസുമാണ് എത്തിച്ചത്. വീണ്ടുമുള്ള കോവിഡ് വ്യാപനത്തിൽ ശാന്തിഭവനെ സഹായിച്ചിരുന്ന ആരും എത്താതായതോടെ അന്തേവാസികളുടെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുകയാണെന്ന് ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശ പ്രകാരം ശുദ്ധീകരണ പ്ലാൻറി‍ന്‍റെ നിർമാണം നടന്നുവരുകയാണ്. മലിനജലം പുറത്തേക്കൊഴുക്കുന്നെന്ന ചിലരുടെ പരാതിയിലാണ് ബോർഡ്​ കർശന നിർദേശം നൽകിയത്. ഈ മാസം 30നുമുമ്പ് പ്ലാൻറ് പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, സ്ഥാപനത്തി‍ന്‍റെ സാമ്പത്തിക പരാധീനതകൾ ചൂണ്ടിക്കാട്ടി ശാന്തിഭവൻ അധികൃതർ നൽകിയ അപേക്ഷയിന്മേൽ ഒരു മാസത്തേക്കുകൂടി സമയം ദീർഘിപ്പിച്ച് നൽകിയതായും ബ്രദർ മാത്യു ആൽബിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.