താലൂക്ക് ആശുപത്രി നവീകരണം: പഴയ കെട്ടിടങ്ങൾക്ക് ലഭിച്ചത് അധികത്തുക

താലൂക്ക് ആശുപത്രി നവീകരണം: പഴയ കെട്ടിടങ്ങൾ പൊളിക്കാൻ രണ്ടാം ഘട്ടം കരാറായി ലഭിച്ചത്​ നിശ്ചയിച്ച മൂല്യത്തെക്കാൾ മൂന്ന്​ ഇരട്ടി തുക കായംകുളം: താലൂക്കാശുപത്രി നവീകരണത്തിന്‍റെ പ്രാരംഭ നടപടികളുടെ തീവ്രവേഗത വികസന പ്രതീക്ഷകൾ വർധിപ്പിക്കുന്നു. പഴയകെട്ടിടങ്ങൾ പൊളിക്കുന്നതിന്​ രണ്ടാം ഘട്ടത്തിന്‍റെ കരാറായതോടെയാണ് വേഗം കൈവരിച്ചത്. ഏഴ് കെട്ടിടങ്ങളാണ് ഇനി പൊളിച്ചുമാറ്റുന്നത്. ഇതിന് നഗരസഭ എൻജിനീയറിങ്​ വിഭാഗം നിശ്ചയിച്ച മൂല്യത്തെക്കാൾ മൂന്ന്​ ഇരട്ടി തുക ലഭിച്ചതും ചർച്ചയാകുകയാണ്. രണ്ടാം ഘട്ടത്തിൽ 3.70 ലക്ഷം രൂപ വിലയിട്ട കെട്ടിടങ്ങൾ 14.18 ലക്ഷം രൂപക്കാണ് ലേലത്തിൽ പോയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 25,000 രൂപ മൂല്യം നിശ്ചയിച്ച കെട്ടിടത്തിന് ഏഴ് ലക്ഷം ലഭിച്ചിരുന്നു. വലിയ രണ്ട് കെട്ടിടങ്ങളും, മൂന്ന് ചെറിയ കെട്ടിടങ്ങളുമാണ് ആദ്യഘട്ടത്തിൽ പൊളിച്ചത്. രണ്ടാംഘട്ടത്തിൽ 3.70 ലക്ഷം രൂപ വില നിശ്ചയിച്ച വലിയ ഏഴ് കെട്ടിടങ്ങൾക്ക് ആദ്യലേലത്തിൽ അഞ്ച് ലക്ഷത്തോളം രൂപ വന്നെങ്കിലും നഗരസഭ കൗൺസിൽ അനുമതി നൽകിയില്ല. പുനർ ലേലത്തിലാണ് തുക 14.18 ലക്ഷമായി ഉയർന്നത്. രണ്ടാം ഘട്ടത്തിൽ കുട്ടികളുടെ വാർഡ്, പി.പി യൂനിറ്റ്, മോഡുലാർ ഓപറേഷൻ തിയറ്റർ, ഡയാലിസിസ് യൂനിറ്റ്, കാരുണ്യഫാർമസി, ക്യാന്‍റീൻ, ലാബ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ആശുപത്രിയിൽ അത്യാധുനിക രീതിയിൽ പുതിയകെട്ടിടം പണിയാൻ പഴയ 14 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്. ഇതിൽ 12 എണ്ണം പൊളിച്ചുമാറ്റാനാണ് അനുമതി ലഭിച്ചത്. പേവാർഡുകൾ പ്രവർത്തിച്ചിരുന്ന രണ്ട് കെട്ടിടങ്ങൾ പൊളിക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. താലൂക്കാശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്​ കിഫ്ബിയിൽനിന്ന്​ 45.70 കോടിരൂപ അനുവദിച്ചിരുന്നു. സംസ്ഥാന ഭവനബോർഡ് കോർപറേഷനാണ് നിർവഹണ ഏജൻസി. 1,40,000 ചതുരശ്രഅടിയിൽ അഞ്ച് നില കെട്ടിടമാണ് നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.