മകളെ ഹോസ്റ്റലിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ മാതാവിന്‍റെ കാർ തടഞ്ഞിട്ടതായി പരാതി

ഓച്ചിറ: കായംകുളം എം.എസ്.എം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയ മാതാവിന്‍റെ കാർ ഓച്ചിറ പൊലീസ് തടഞ്ഞിട്ടതായി പരാതി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കുളത്തൂപ്പുഴയിൽ നിന്നെത്തിയ മാതാവും മകൻ അഫ്​സലും അഞ്ച് വയസ്സുകാരനുമായിരുന്നു കാറിൽ. സത്യവാങ്​മൂലവും കാറിന്‍റെ രേഖകളും കാണി​ച്ചെങ്കിലും ലോക്ഡൗൺ ആയതിനാൽ തിരിച്ചുപോകാൻ സി.ഐ വിനോദ് ആവശ്യപ്പെട്ടതായാണ് ആരോപണം. കുളത്തൂപ്പുഴയിൽനിന്ന്​ വരുന്ന വഴി ഏഴിടത്ത് പരിശോധനയുണ്ടായിരുന്നെന്നും ഇവിടെ മാത്രം എന്താണ് പ്രശ്നമെന്നും അഫ്സൽ സി.ഐയോട്​ ചോദിച്ചു. ഹോസ്റ്റലിന്​ ഏതാനും കിലോമീറ്റർ മാത്രം അകലെ തടഞ്ഞത്​ ചോദ്യംചെയ്ത മാതാവിനോട്​ ധരിച്ചിരിക്കുന്ന വസ്ത്രമാണ്​ പ്രശ്നമെന്ന്​ സി.ഐ പറഞ്ഞതായും ആരോപണമുണ്ട്​. മുക്കാൽ മണിക്കൂറോളം റോഡിൽ പൊരിവെയിലത്ത്​ നിർത്തിയതായും കേസെടുത്ത്​ അകത്തിടുമെന്ന്​ സി.ഐ ഭീഷണിപ്പെടുത്തിയതായും അഫ്​സൽ പറഞ്ഞു. ഒടുവിൽ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ ഫോണിൽ വിവരം അറിയിച്ചതനുസരിച്ച്​ ഉന്നത ഇടപെടലിനെ തുടർന്നാണ്​ ഇവരെ പോകാൻ അനുവദിച്ചത്​. അഫ്സൽ ഫേസ്​ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. എന്നാൽ ലോക്ഡൗൺ ആയതിനാൽ യാത്ര പറ്റില്ലെന്ന്​ പറഞ്ഞ്​ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ യുവാവ് തട്ടിക്കയറുകയായിരുന്നുവെന്ന്​ സി.ഐ പറയുന്നു. സംഭവത്തെക്കുറിച്ച്​ റിപ്പോർട്ട് നൽകാൻ ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി പൊലീസിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.