തർക്കത്തിനൊടുവിൽ അരൂക്കുറ്റി പഞ്ചായത്ത് വാഹനം നിരത്തിലിറക്കി

വടുതല: ഡ്രൈവർ തർക്കത്തിന്റെ പേരിൽ ഒരുവർഷം കട്ടപ്പുറത്തിരുന്ന പഞ്ചായത്ത് വാഹനം വെള്ളിയാഴ്ച ഓടിത്തുടങ്ങി. പ്രതിപക്ഷ കമ്മിറ്റി അംഗങ്ങളുടെയും ഇടതുപക്ഷ പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനൊടുവിലാണ് വെള്ളിയാഴ്ച മുതൽ ഓടിയത്. യു.ഡി.എഫ് ഭരണസമിതി തീരുമാനമെടുത്ത് നിശ്ചയിച്ച ദിവസ വേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക ഡ്രൈവറായിരിക്കും പഞ്ചായത്ത് വാഹനം ഓടിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് താൽക്കാലികാടിസ്ഥാനത്തിൽ നിശ്ചയിച്ച ഡ്രൈവർ മാറാൻ സന്നദ്ധമാകാഞ്ഞതിനെത്തുടർന്ന് നടന്ന തർക്കമാണ് വണ്ടി കട്ടപ്പുറത്തിടാൻ കാരണം. കേസ് കോടതിയിലെത്തിയതിനെത്തുടർന്ന് പുതിയ ഡ്രൈവറെ എംപ്ലോയ്​മെന്റ് വഴി നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ, നിയമനം രണ്ടുമാസം നീണ്ടു. വാഹനത്തിന്റെ ആവശ്യം അടിയന്തരമായി വന്നപ്പോഴാണ് ഭരണ സമിതി പ്രദേശത്തുള്ള ഒരാളെ നിയമിക്കാൻ തീരുമാനമെടുത്തത്. ഇതിനായി ഡ്രൈവർ നിയമനം ഏക അജണ്ടയായി പഞ്ചായത്ത് കമ്മിറ്റി വിളിക്കാൻ തീരുമാനമെടുത്തത് മുതൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധവും ആരംഭിക്കുകയായിരുന്നു. അടിയന്തര കമ്മിറ്റിയിലേക്ക് സെക്രട്ടറിയെ കടത്തിവിടാതെ മണിക്കൂറുകളോളം ഉപരോധിച്ചു. പൂച്ചാക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് വനിതയായ പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് കമ്മിറ്റിയിലേക്ക് പോകാൻ കഴിഞ്ഞത്. പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം നിശ്ചയിച്ച ഡ്രൈവറുമായി കഴിഞ്ഞ തിങ്കളാഴ്ച പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ഔദ്യോഗികാവശ്യത്തിന് വാഹനം എടുക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ വാഹനം തടയുകയും വനിതയായ വൈസ് പ്രസിഡന്റ് ഉൾപ്പെടെ വാഹനത്തിൽ നിന്നിറങ്ങാൻ കഴിയാതെ മണിക്കൂറോളം വാഹനത്തിൽതന്നെ ഇരിക്കേണ്ടിവരുകയും ചെയ്തു. ഡിവൈ.എസ്.പി ഇടപെട്ട് ഇരുവിഭാഗങ്ങളോടും ചർച്ച നടത്തുകയും ഒടുവിൽ പൊലീസ് കാവലിൽ രാത്രി എട്ടോടെ വാഹനം പുറത്തേക്കെടുക്കുകയായിരുന്നു. പിറ്റേ ദിവസം പൂച്ചാക്കൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഭരണസമിതികൂടി നിശ്ചയിച്ച ഡ്രൈവറെത്തന്നെ നിശ്ചയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച മുതൽ പഞ്ചായത്ത് വാഹനം ഓടിയത്. ചിത്രം : വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ഔദ്യോഗിക വാഹനം ഉപയോഗിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.