സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നിലച്ചിട്ട് രണ്ടുമാസം; ആശ്രയം സ്വകാര്യ ലാബ്​

ചെങ്ങന്നൂർ: ജില്ല ആശുപത്രിയുടെ നിയന്ത്രണത്തിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നിലച്ചിട്ട്​ രണ്ട്​ മാസം. ഇതോടെ പരിശോധനക്ക്​ സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്​ നാട്ടുകാർ. കഴിഞ്ഞ നവംബർ 30ന്​ കോവിഡ് ബ്രിഗേഡിലെ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് ആർ.ടി.പി.സി.ആർ പരിശോധന നിലച്ചത്. ആവശ്യത്തിന്​ ജീവനക്കാരില്ലെന്നതിന്​ പുറമെ സ്രവപരിശോധന നടത്താൻ ഇടമില്ലാത്തതും പ്രശ്നമായി. കെട്ടിടനിർമാണം നടക്കുന്നതിനാൽ ജില്ല ആശുപത്രി വളപ്പിൽ സ്രവപരിശോധന നടക്കില്ല. താൽക്കാലികമായി ആശുപത്രി പ്രവർത്തിക്കുന്ന ബോയ്സ് ഹൈസ്കൂളിലും മതിയായ ഇടമില്ല. നേര​ത്തെ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിലാണ്​ സ്രവപരിശോധന നടത്തിയിരുന്നത്. കോളജ് തുറക്കുകയും വിദ്യാർഥികൾ എത്തിത്തുടങ്ങുകയും ചെയ്തതോടെ ഇത്​ നിർത്തി. കോളജ് വളപ്പിൽ സ്രവപരിശോധന കിയോസ്കുകൾ പൊടിപിടിച്ച്​ കിടപ്പുണ്ട്. മാരുതി ഓഡിറ്റോറിയത്തിലാണ്​ ജില്ല ആശുപത്രിയുടെ നിയന്ത്രണത്തിൽ വാക്സിനേഷൻ നടക്കുന്നത്. ഇവിടെയും സ്രവപരിശോധന നടത്താൻ മതിയായ സൗകര്യമില്ല. മേഖലയിലെ മറ്റു പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആർ.ടി.പി.സി.ആർ പരിശോധനയുള്ളത്. മൂന്നാം തരംഗം ആഞ്ഞുവീശുന്ന പുതിയ സാഹചര്യത്തിൽ ഇത്​ മതിയാകില്ല. സ്വകാര്യ ലാബുകളിൽ 500 രൂപയാണ് പരിശോധന നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.