വെള്ളിയാകുളം വിനോദസഞ്ചാര കേന്ദ്രമാക്കും; പ്രാരംഭ പ്രവർത്തനം തുടങ്ങി

രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും ചേര്‍ത്തല: വെള്ളിയാകുളം വിനോദസഞ്ചാര കേന്ദ്രമാക്കും. ഇതിന്‍റെ പ്രാരംഭപ്രവർത്തനം തുടങ്ങി. വിവിധ പദ്ധതികളിലായി മൂന്നുകോടി രൂപയാണ് കുളത്തിന്റെ നവീകരണത്തിനും അനുബന്ധ പദ്ധതികള്‍ക്കുമായി വിനിയോഗിക്കുന്നത്. ഘട്ടംഘട്ടമായി രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുളം ആഴംകൂട്ടി കല്ലുകെട്ടി സംരക്ഷിക്കുന്നതിന്​ പ്രധാനമന്ത്രി കിസാന്‍ സംയോജന പദ്ധതി പ്രകാരം 44 ലക്ഷമാണ് വിനിയോഗിക്കുന്നത്. 136 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുള്ള കുളം പൂര്‍ണമായി പ്രയോജനപ്പെടുത്തിയാണ് നവീകരിക്കുന്നത്. പ്രഭാത സവാരിക്ക്​ അടക്കം പ്രയോജനകരമാകുന്ന തരത്തില്‍ കുളത്തിനുചുറ്റും ആകര്‍ഷകമായ നടപ്പാതയും ഓപണ്‍ ജിമ്മും ഒരുക്കുന്നുണ്ട്. ടോയ്‌ലറ്റ് ബ്ലോക്കും ചായയും മറ്റ്​ സൗകര്യങ്ങള്‍ക്കുമായി ടേക് എ ബ്രേക്ക്, ഫിറ്റ്‌നസ് സെന്റർ ഉൾ​പ്പെടുത്തി നങ്ങേലിപുര, കുട്ടികള്‍ക്ക്​ കളിയുപകരണങ്ങളടക്കമുള്ള പാര്‍ക്ക്, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയവയാണ് സജ്ജമാക്കുന്നത്. ഇതിനോടുചേര്‍ന്നുള്ള കൃഷിഭവന്‍ എം.എല്‍.എയുടെ ആസ്​തിവികസന പദ്ധതിയില്‍ അരക്കോടി മുടക്കി സ്മാര്‍ട്ട് ആക്കും. കാര്‍ഷികോപകരണങ്ങളും പച്ചക്കറി വിത്തുകളും വളവുമടക്കം വില്‍പനക്കും സംവിധാനമൊരുക്കും. കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ ജി. പണിക്കര്‍, മാത്യു കൊല്ലേലി, അഗസ്റ്റിന്‍, സി.പി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.