തെരുവ് നായ് ശല്യം രൂക്ഷമാകുന്നു

പൂച്ചാക്കൽ: അരൂർ, ചന്തിരൂർ, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും എടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. തെരുവ് നായ്​ക്കളുടെ ശല്യവും ആക്രമണവും ദിനം പ്രതി വർധിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രാത്രിയിൽ ചന്തിരൂരിൽ നൂറുകണക്കിന് താറാവുകളെ തെരുവ് നായ്ക്കൾ കൊന്നിരുന്നു. അരൂർ പഞ്ചായത്ത് പത്താം വാർഡിൽ പാലേക്കാട്ടുകളം ബിനുവി‍ൻെറ താറാവുകളെയാണ് കൊന്നത്. ചന്തിരൂർ സർവിസ് സഹകരണ ബാങ്കിൽനിന്നും ഒന്നേകാൽ ലക്ഷം രൂപ വായ്പ എടുത്തും പണയം വെച്ചും കിട്ടിയ തുകയും ചേർത്താണ് ഈ സംരംഭം തുടങ്ങിയത്. ചെറിയ താറാവിനെ വാങ്ങി വളർത്തി മുട്ട ഇടാറായപ്പോഴാണ് താറാവുകളെ നായ്ക്കൾ കൊന്നത്. അറുന്നൂറ് താറാവുകളിൽ മുന്നൂറ്റി അമ്പത് താറാവുകളെയും തെരുവ്​നായ്ക്കൾ കൊല്ലുകയും ബാക്കി ഉള്ളവക്ക് കടിയേല്ക്കുകയുമുണ്ടായി. നിരവധി അന്തർ സംസ്ഥാന തൊഴിലാളികളെയും നായ്ക്കൾ ആക്രമിക്കുന്നുണ്ട്. നായ്ക്കളുടെ ആക്രമണത്തിൽനിന്ന് പരമ്പരാഗത താറാവ് കൃഷിക്കാരെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എൻ.എൽ.യു ജില്ല ജനറൽ സെക്രട്ടറി വി.പി. ലത്തീഫ് ആവശ്യപ്പെട്ടു. നാലു മാസം മുമ്പാണ് ഓട്ടോയുടെ മുന്നിൽ നായ്​ വട്ടം ചാടി ഓട്ടോ മറിഞ്ഞ് വനിത ഓട്ടോ ഡ്രൈവർ മരിച്ചത്. അരൂക്കുറ്റി ആശുപത്രിയിലും നിരവധി നായ്​ക്കളാണ് തമ്പടിച്ചിരിക്കുന്നത്. രോഗികൾക്ക് ആശുപത്രിയിലേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയാണ്​. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സക്കെത്തിയ കുട്ടിയുടെ നേരെ നായ്ക്കൾ കുരച്ച് ചാടിയതിനെ തുടർന്ന് വീണ് പരിക്കേറ്റിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിസരവും നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറുകയാണ്. പ്രഭാത സവാരിക്കാരെയും മദ്​റസ, ട്യൂഷൻ എന്നിവക്കായി പോകുന്ന കുട്ടികളെയും നായ്ക്കൾ ആക്രമിക്കുന്ന സംഭവം പതിവാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.