കഞ്ഞിക്കുഴിയെ ഹരിതാഭമാക്കാൻ അഞ്ചര ലക്ഷം പച്ചക്കറിത്തൈ

മാരാരിക്കുളം: കഞ്ഞിക്കുഴിയെ ഹരിതാഭമാക്കാൻ അഞ്ചര ലക്ഷം പച്ചക്കറത്തൈകൾ തയാറായി. 9000 കുടുംബങ്ങൾക്കുമാവശ്യമായ പച്ചക്കറി ഉൽപാദനം ലക്ഷ്യംവെച്ച് പഞ്ചായത്ത് ആരംഭിക്കുന്ന ജനകീയ ജൈവഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് അഞ്ചിനത്തിൽപെട്ട അഞ്ചര ലക്ഷം പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ചത്. ഇവ സൗജന്യമായി വീടുകളിലെത്തിക്കും. 18 വാർഡിലും പ്രത്യേകം തയാറാക്കിയ മഴ മറയ്ക്കകത്താണ് തൈകൾ വളരുന്നത്. ഇതിനാവശ്യമായ നടീൽ സാമഗ്രികൾ പഞ്ചായത്ത് വാങ്ങിനൽകിയിരുന്നു. പാവൽ, പടവലം പയർ, വെണ്ട, പീച്ചിൽ തുടങ്ങിയ പച്ചക്കറി വിത്തുകളും കിളിർക്കുന്നതിനാവശ്യമായ വളങ്ങളും പഞ്ചായത്ത് തൈ ഉൽപാദക യൂനിറ്റുകൾക്ക് നൽകി. ഗുണമേന്മയേറിയ ഹൈബ്രിഡ് വിത്തുകളും പരമ്പരാഗത വിത്തുകളുമാണ് നൽകിയിട്ടുള്ളത്. ഓരോ വാർഡിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച അഞ്ചംഗ യൂനിറ്റുകളാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. വിപുല ജനകീയ കാമ്പയിൻ ഒരുക്കിയാണ് ഹരിതസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് ഏഴര ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഒരേ സമയം തൈകൾ വീടുകളിൽ വെക്കാനും പരിപാലനം ഒരുക്കാനും പരിപാടി പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ചൊവ്വാഴ്ച പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിർവഹിക്കാനിരുന്നതാണ്. എന്നാൽ, കോവിഡ് മാനദണ്ഡങ്ങളെത്തുടർന്ന്​ മാറ്റിവക്കേണ്ടിവന്നു. കൃഷിമന്ത്രി പി. പ്രസാദ്, മുൻ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ആർ. നാസർ, കെ.ജി. രാജേശ്വരി, വി.ജി. മോഹനൻ എന്നിവർ വിവിധ വാർഡുകളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തൈകൾ വിതരണം നടത്തും. പടം: കഞ്ഞിക്കുഴിയെ ഹരിതാഭമാക്കാൻ തയാറാക്കിയ അഞ്ചര ലക്ഷം പച്ചക്കറിത്തൈ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.