വലിയഴീക്കൽ പാലത്തിൽ ഭാരപരിശോധന തുടങ്ങി

ആറാട്ടുപുഴ: നിർമാണം പൂർത്തിയായ വലിയഴീക്കൽ പാലത്തിൽ അവസാനത്തെ നടപടിക്രമങ്ങളുടെ ഭാഗമായി ഭാരപരിശോധന തുടങ്ങി. ബുധനാഴ്ച അവസാനിക്കും. പാലത്തിന്‍റെ മൂന്നു സ്ഥലത്താണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്‍റെ വടക്കേ അറ്റത്തെ സ്പാനുകളുമായി ബന്ധപ്പെട്ട ഭാഗത്താണ് ആദ്യം പരിശോധന നടത്തിയത്. ഈ ഭാഗത്ത് 35 ടൺ ഭാരം കയറ്റിയ നാലുലോറി 24 മണിക്കൂർ നിർത്തിയിട്ടാണ് പരിശോധന. സമാനരീതിയിൽ പാലത്തിന്‍റെ തെക്കും പിന്നീട് ആർച് സ്പാനുകൾ സ്ഥിതിചെയ്യുന്ന ഭാഗത്തും പരിശോധന നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഡോ. സിനി, അസി.എൻജിനീയർ അനു കെ. പീറ്റർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന. ഭാരപരിശോധന കഴിയുന്നതോടെ പാലത്തിന്‍റെ കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയാകും. പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പണി അടുത്തയാഴ്ച ആരംഭിക്കും. നിർമാണം പൂർത്തിയാക്കിയാണ് വിളക്കുകൾ കൊണ്ടുവരുന്നത്. പിന്നീടിത് ഘടിപ്പിച്ചാൽ മാത്രം മതിയാകും. ഈ മാസം മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്‌. നാടിന്‍റെ ഉത്സവമായി ഉദ്ഘാടനം മാറ്റണമെന്നായിരുന്നു രമേശ് ചെന്നിത്തല എം.എൽ.എ അടക്കമുള്ളവർ ആഗ്രഹിച്ചിരുന്നത്. കോവിഡ് വർധിച്ച സാഹചര്യത്തിൽ ചടങ്ങ് ലളിതമാകാനാണ് സാധ്യത. ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്നാണ് പ്രതീക്ഷ. വലിയഴീക്കൽ പാലത്തിലെ ഭാരപരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.