ഡ്രൈവർ നിയമനം; അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിച്ചു

വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ നിയമനത്തിൽ കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷം നടക്കാനിരുന്ന അടിയന്തര കമ്മിറ്റിയിലേക്ക് സെക്രട്ടറിയെ കടത്തിവിടാതെയാണ് ഉപരോധം നടത്തിയത്. പൂച്ചാക്കൽ പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് പൊലീസെത്തി ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. നാലുമണിയോടെ പഞ്ചായത്ത് കമ്മിറ്റിക്ക്​ പോയപ്പോഴും പ്രതിപക്ഷാംഗങ്ങൾ സെക്രട്ടറിയെ തടഞ്ഞു. പൊലീസ് കാവലോടെയാണ് കമ്മിറ്റി സ്ഥലത്ത്​ അവരെത്തിയത്. 2021 നവംബർ അഞ്ചിനാണ് എംപ്ലോയ്​മെന്റ് വഴി ഡ്രൈവർ നിയമനം നടത്താൻ കോടതി വിധി വന്നത്. കോടതി വിധി വന്നിട്ട്‌ രണ്ടുമാസം പിന്നിട്ടിട്ടും എംപ്ലോയ്​മെന്റിൽനിന്ന് ആളെ നിയമിക്കാത്തതിനാൽ അടിയന്തര സാഹചര്യമുള്ളതുകൊണ്ട് താൽക്കാലിക ഡ്രൈവറെ നിയമിക്കാനുള്ള തീരുമാനം എടുക്കുക എന്ന ഏക അജണ്ടയോടെയുള്ള കമ്മിറ്റിയായിരുന്നു ശനിയാഴ്ച വിളിച്ചിരുന്നത്. ഈ തീരുമാനം നടപ്പാക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ സമരം. കമ്മിറ്റി നടക്കുന്നതിനിടയിലും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്താനും ശ്രമിച്ചു. കോവിഡ്​ വ്യാപന പശ്ചാത്തലത്തിലും ലൈഫ് ഭവനപദ്ധതി പരിശോധന നടക്കുന്നതിനാലും മറ്റും വാഹനം അത്യാവശ്യമായി വന്നതിനാലാണ് അടിയന്തരമായി താൽക്കാലിക ഡ്രൈവറെ നിയമിക്കാൻ തീരുമാനമെടുത്തതെന്ന് സെക്രട്ടറി പറഞ്ഞു. പ്രദേശത്തുളള ഒരാളെ ദിവസ വേതനാടിസ്ഥാനത്തിൽ ഈ മാസം 17 മുതൽ നിയമിക്കാൻ തീരുമാനമെടുത്ത് പഞ്ചായത്ത് കമ്മിറ്റി പിരിയുകയും ചെയ്തു. ചിത്രം: അരൂക്കുറ്റി പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.