അനന്തങ്കരി പാലവും അപ്രോച്ച് റോഡും നന്നാക്കിയില്ലെങ്കിൽ സമരം ശക്തമാക്കും -സമരസമിതി

തുറവൂർ: അടിയന്തരമായി അനന്തങ്കരി പാലത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുകയും അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് സമരസമിതിക്ക് നേതൃത്വം നൽകുന്ന അനന്തങ്കരി രാധാകൃഷ്ണൻ മുന്നറിയിപ്പു നൽകി. അനന്തങ്കരി പാലവും അപ്രോച്ച് റോഡും തകർന്നിട്ട് വർഷങ്ങളായി. തുറവൂർ പഞ്ചായത്ത് ഒമ്പത്​-10 വാർഡുകളിലായി നിൽ‌ക്കുന്ന ഈ പാലവും റോഡും കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. രണ്ടുവർഷം മുമ്പ്​ ദേവസ്വം ബോർഡിന്‍റെ ആന വിരണ്ടോടിയത് ഈ പാലത്തിലൂടെ ആയിരുന്നു. ആനയോടിയതിനെത്തുടർന്ന് പാലത്തിന് വിള്ളൽ സംഭവിക്കുകയും പാലത്തിന്‍റെ പലഭാഗവും പൊട്ടി വീഴുകയും ചെയ്തു. പല ഭാഗത്തും കോൺക്രീറ്റ് തകർന്ന് കമ്പി പുറത്തുവന്ന നിലയിലാണ്. നാട്ടുകാർ ദേവസ്വം ബോർഡിന് നൽകിയ പരാതിയെത്തുടർന്ന് പാലത്തിന്‍റെ കേടുപാടുകൾ പരിഹരിക്കാമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. തുറവൂർ പഞ്ചായത്ത് ഒമ്പത്, 10 വാർഡുകളിലെ ജനങ്ങളുടെ മുഖ്യ സഞ്ചാരപാതയാണിത്. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരാണ് ഈ മേഖലയിൽ താമസിക്കുന്നത്. നിരവധി നിവേദനങ്ങൾ പഞ്ചായത്തിലും തുടർന്ന് സർക്കാറുമായി ബന്ധപ്പെട്ടവർക്കും നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പടം : തകർന്ന അനന്തങ്കരി പാലവും അപ്രോച്ച് റോഡും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.