ഗുണ്ടനേതാവിന്​ വെട്ടേറ്റ സംഭവം: രണ്ടുപേർ അറസ്​റ്റിൽ

ആലപ്പുഴ: കുടുംബസ്വത്ത്​ തർക്കത്തിൽ ഗുണ്ടനേതാവിന്​ വെട്ടേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സക്കറിയ വാർഡ്​ പുളിമ്പറമ്പിൽ തൗഹീദ്​ (30), ആലപ്പുഴ സക്കറിയ വാർഡ് ഷബ്​നം മൻസിലിൽ ഷഹനാസ്​ (21) എന്നിവരെയാണ്​ സൗത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. സംഭവവുമായി ബന്ധപ്പെട്ട്​ സഹോദരങ്ങളടക്കം മൂന്നുപേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്​. കുടുംബസ്വ​ത്തുമായി ബന്ധപ്പെട്ട്​ സഹോദരങ്ങൾ തമ്മിലെ തർക്കത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ് മഹലിൽ സാബിറിനാണ്​ (42) വെട്ടേറ്റത്​. തലക്ക്​ പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ശനിയാഴ്ച ഉച്ചക്ക് 1.30ന്​ ആലപ്പുഴ വട്ടയാലുള്ള കുടുംബവീട്ടിലായിരുന്നു അക്രമണം. സ്വത്തുതർക്കത്തിൽ സഹോദരന്മാരായ മുഹമ്മദ്​ ഹാരിസ്​, സലവർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ്​ വെട്ടിയതെന്ന്​ പറയപ്പെടുന്നു. ​മാതാപിതാക്കളിൽനിന്ന്​ കുടുംബസ്വത്ത് 90 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ്​ വിശ്വസിപ്പിച്ച് ഒരുസഹോദരൻ രജിസ്റ്റർ ചെയ്ത്​ വാങ്ങിയിരുന്നു. ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് മാതാപിതാക്കൾക്ക് നൽകിയത്. ബാക്കി തുകക്ക്​ കുറെനാളുകളായി ഇടനിലക്കാർ മുഖേനയും നേരിട്ടും ചർച്ചകൾ നടന്നിരുന്നെങ്കിലും പണം നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്. വെട്ടേറ്റ സാബിർ നിരവധി ക്രിമിനൽ കേസിൽ പ്രതിയും കാപ്പ പ്രകാരം ജയിൽവാസം അനുഭവിച്ച ആളുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.