കുടുംബസ്വ​ത്ത്​ തർക്കം: ഗുണ്ടനേതാവിന്​ വെട്ടേറ്റു

ആലപ്പുഴ: ഇരട്ട കൊലപാതകത്തിന്‍റെ ഭീതി വിട്ടൊഴിയുംമുമ്പ്​ ആലപ്പുഴയിൽ പട്ടാപ്പകൽ ഗുണ്ടനേതാവിന്​ വെട്ടേറ്റു. കുടുംബസ്വ​ത്തുമായി ബന്ധപ്പെട്ട്​ സഹോദരങ്ങൾ തമ്മിലെ തർക്കത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ് മഹലിൽ സാബിറിനാണ്​ (42) വെട്ടേറ്റത്​. തലക്ക്​ പരിക്കേറ്റ ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നൽകിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് 1.30ന്​ ആലപ്പുഴ വട്ടയാലുള്ള കുടുംബവീട്ടിലായിരുന്നു ആക്രമണം. സഹോദരന്മാരായ മുഹമ്മദ്​ ഹാരിസ്​, സലവർ എന്നിവർ ചേർന്നാണ്​ വെട്ടിയതെന്ന്​ പറയുന്നു. തലക്ക്​ അടിയേറ്റാണ്​ പരിക്കേ​റ്റതെന്നും പറയപ്പെടുന്നു. മാതാപിതാക്കളിൽനിന്ന്​ കുടുംബസ്വത്ത് 90 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ്​ വിശ്വസിപ്പിച്ച് ഒരുസഹോദരൻ രജിസ്റ്റർ ചെയ്തു. എട്ടുലക്ഷം രൂപ മാത്രമാണ് മാതാപിതാക്കൾക്ക് നൽകിയത്. ബാക്കി തുകക്ക്​ കുറെനാളുകളായി ഇടനിലക്കാർ മുഖേനയും നേരിട്ടും ചർച്ചകൾ നടന്നെങ്കിലും പണം നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്. സൗത്ത് പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ഇരട്ട കൊലപാതകത്തിന്​ പിന്നാലെ പൊലീസ്​ പട്രോളിങ്​ നടത്തുന്നതിനിടെ തുടർച്ചയായി ആക്രമണമുണ്ടാകുന്നത്​ നഗരവാസിക​ളെ ഭീതിയിലാഴ്ത്തി. നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെ ഡിസംബർ 20ന്​ ഗുണ്ടസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കൈതത്തിൽ നികർത്തിൽ വിമലിന് (32) വെട്ടേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.