സംഭരണത്തിന് സംവിധാനമില്ല; താങ്ങുവില നേട്ടമാകാതെ കേര കർഷകർ

ഉൽപാദനത്തിലും വൻ ഇടിവ്​​ ആലപ്പുഴ: നാളികേരത്തിന്​ സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ജില്ലയിലെ തെങ്ങുകർഷകർക്ക്​ നേട്ടമാകില്ല. കൃഷി ഭവനുകൾ വഴി നാളികേരം സംഭരിക്കുന്നതിന്​ ഉണ്ടായിരുന്ന സൗകര്യം നിലച്ചതാണ് പ്രതിസന്ധി. അതേസമയം, സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച താങ്ങുവിലപോലും ആറുവർഷം മുമ്പുണ്ടായിരുന്ന വിലയാണെന്നാണ്​ കർഷകരുടെ ആക്ഷേപം. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് കൃഷി ഭവനുകൾ വഴി നാളികേരം സംഭരിക്കുന്നതിന്​ സൗകര്യമൊരുക്കിയത്. ആദ്യകാലത്ത് 16 രൂപയായിരുന്ന താങ്ങുവില, പിന്നീട് 32 രൂപ വരെയായി ഉയർത്തിയിരുന്നു. പിന്നീടിത് 25 രൂപയായി കുറഞ്ഞു. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ഏതാനും മാസത്തിനുള്ളിൽ കൃഷി ഭവൻവഴിയുള്ള സംഭരണം നിർത്തലാക്കി. കൃഷിഭവന്‍റെ നിയന്ത്രണത്തിൽ കേരഫെഡാണ് അന്ന് ജില്ലയിലെ 29 കേന്ദ്രങ്ങളിൽ നാളികേരം സംഭരിച്ചത്. കുട്ടനാട്ടിൽ നാലു കേന്ദ്രങ്ങളുണ്ടായിരുന്നു. ഓരോ കേന്ദ്രത്തിലും 350 രൂപ ദിവസവേതനത്തിൽ രണ്ട്​ തൊഴിലാളികളെയും 9000 മാസവേതനത്തിൽ ഒരു അക്കൗണ്ടന്‍റിനെയും നിയമിച്ചിരുന്നു. സംഭരണം നിലച്ചതോടെ ഇവരുടെ തൊഴിലും നഷ്ടമായി. ആഴ്ചയിൽ രണ്ടു ദിവസം നാളികേരം സംഭരിക്കുകയും രണ്ടു ദിവസം നാളികേരം ഏജൻസികൾക്കു കൈമാറുകയുമായിരുന്നു ചെയ്തിരുന്നത്. ദിവസം 1000-2000 നാളികേരം സംഭരിച്ചിരുന്നു. തുടക്കകാലത്ത് നാളികേരം കൈമാറുമ്പോൾ കർഷകർക്കു വില നൽകുന്നതായിരുന്നു പതിവ്. പിന്നീട് ചെക്ക് മുഖേനയായി പണം കൈമാറ്റം. സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു മാസത്തിനുള്ളിൽ നൽകുന്ന രീതിയായി. ആറ്റിങ്ങൽ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പ്ലാന്‍റുകളിലേക്കാണ് നാളികേരം നൽകിയിരുന്നത്. നാളികേര ഉൽപാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. വെള്ളീച്ചരോഗവും മണ്ഡരിയുമാണ് പ്രധാന കാരണങ്ങൾ. 2018ലെ പ്രളയവും പിന്നീട് തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കവുമാണ് ജില്ലയിലെ നാളികേര കൃഷിയെ ബാധിച്ചതെന്ന്​ കർഷകർ പറയുന്നു. ജില്ലയിൽ അരലക്ഷത്തോളം തെങ്ങിൻ തൈകൾ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്നാണ് റിപ്പോർട്ട്​. വെള്ളം പൊങ്ങി ദിവസങ്ങൾ കിടന്നതിനാൽ ഉൽപാദനക്ഷമതയും കുറഞ്ഞു. ചെറിയ തെങ്ങുകളിൽ മഞ്ഞളിപ്പും വെള്ളക്ക കൊഴിച്ചിലും വ്യാപകമായി. തൈകൾ കരിഞ്ഞുണങ്ങുന്നുമുണ്ട്. വെള്ളം കയറി മേൽമണ്ണ് ഒലിച്ചുപോകുകയും വളക്കൂറ് ഇല്ലാതാകുകയും ചെയ്തു. കർഷകർക്ക് സഹായകമായിരുന്നു കൃഷിഭവൻ മുഖേനയുള്ള നാളികേര സംഭരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.