നൊമ്പരക്കാഴ്ചയായി നിധിൻ ദാസിന്‍റെ സംസ്കാര ചടങ്ങ്

ആറാട്ടുപുഴ: ഗോവയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വലിയഴീക്കൽ അയ്യത്തു തെ​ക്കതിൽ നിധിൻ ദാസിന്‍റെ (24) സംസ്കാര ചടങ്ങ് ആറാട്ടുപുഴ ഗ്രാമത്തിന് നൊമ്പരമായി. നാടിന് പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് അയ്യത്ത് വീട്ടിൽ എത്തിയത്. വലിയഴീക്കലെ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ ഓഫിസിൽ പൊതുദർശനത്തിനു വെച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പിതാവ് ചന്ദ്രദാസും മാതാവ് മിനിയും ചേതനയറ്റ മകനെ കണ്ട് വാവിട്ട് നിലവിളിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം ഗോവയിൽനിന്ന് നാട്ടിലെത്തിച്ചത്. രാവിലെ പത്തരയോടെ സഹോദരൻ മിഥുൻദാസ് ചിതക്ക് തീ കൊളുത്തി. അപകടത്തിൽ മരിച്ച സഹോദരങ്ങളായ വിഷ്ണുവിന്‍റെയും കണ്ണന്‍റെയും മൃതദേഹം തിങ്കളാഴ്ച രാവിലെ പത്തരയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. നേവി ഉദ്യോഗസ്ഥനാണ് മരിച്ച വിഷ്ണു. ജോലിസംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇവരുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് വിട്ടുകിട്ടിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ മഡ്ഗാവിൽനിന്ന് 18കി.മീ. അകലെ എം.ഇ.എസ്. കോളജ് ജങ്ഷനു സമീപം കാർ റോഡരികിലെ ഭിത്തിയിൽ തട്ടിയുണ്ടായ അപകടത്തിലാണ് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു(27), സഹോദരൻ കണ്ണൻ(24), വലിയഴീക്കൽ അയ്യത്തു തെക്കതിൽ നിധിൻ ദാസ് (24) എന്നിവർ മരിച്ചത്. തറയിൽക്കടവ് തെക്കടത്തു വീട്ടിൽ അഖിൽ(24), വലിയഴീക്കൽ പുത്തൻ പറമ്പിൽ വിനോദ്(24) എന്നിവർ പരിക്കേറ്റ്​ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.