ബംഗ്ലാദേശ് വിമോചന യുദ്ധത്തി​െൻറ ഓർമയിൽ​ സൈനികൻ

ബംഗ്ലാദേശ് വിമോചന യുദ്ധത്തി​ൻെറ ഓർമയിൽ​ സൈനികൻ പൂച്ചാക്കൽ: ബംഗ്ലാദേശ് വിമോചന യുദ്ധത്തി​ന്​ അമ്പതാണ്ട് പൂർത്തിയാകുമ്പോൾ പൂച്ചാക്കൽ തേവർവട്ടത്തിരുന്ന് യുദ്ധനിമിഷങ്ങൾ ഓർത്തെടുക്കുകയാണ് 81കാരനായ മുൻ സൈനികൻ. തൈക്കാട്ടുശ്ശേരി തേവർവട്ടം രാജ് വി. മൻസിലിൽ കെ. അബ്​ദുല്ലക്ക്​ 50 വർഷം മുമ്പുള്ള യുദ്ധഓർമകൾ ഇന്നലെ പോലെ വ്യക്തം. ബംഗ്ലാദേശ് രാഷ്​ട്രപിതാവ് ഷെയ്ഖ് മുജീബ് റഹ്മാനെക്കുറിച്ച്​ പറയാൻ നൂറുനാവാണ് ഈ മുൻ സൈനികന്. അദ്ദേഹത്തി​ൻെറ ജീവിതം പ്രചോദിപ്പിച്ചതിനാലാണ് തനിക്ക് ആ സമയത്ത് ജനിച്ച കുട്ടിക്ക് മുജീബ് എന്ന പേരിട്ടതെന്നും അബ്​ദുല്ല പറയുന്നു. രോഗബാധിതനായി ആ കുട്ടി മരിച്ചപ്പോൾ മുജീബ് റഹ്മാ​ൻെറ ഓർമ മനസ്സിൽനിന്ന് പോകാതിരിക്കാൻ പിന്നീട്​ ജനിച്ച കുട്ടിക്കും മുജീബ് എന്നുതന്നെ പേര് ഇട്ടു. ഡൽഹിയിലും ധാക്കയിലും അമ്പതാണ്ടി​ൻെറ ആഘോഷം നടക്കുമ്പോൾ, മുജീബ് റഹ്മാനെയും യുദ്ധനിമിഷങ്ങളെയും ഓർത്തെടുത്ത്​ താനും അതിൽ പങ്കുചേർന്നതായി ഇദ്ദേഹം പറയുന്നു. കരസേനയിൽ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവറായിരുന്ന ഇദ്ദേഹം യുദ്ധമുഖത്തേക്കുള്ള ഇന്ത്യൻ പട്ടാളക്കാരെ എത്തിച്ചിരുന്ന ജോലിയിലാണ് ഏർപ്പെട്ടിരുന്നത്. 10 വർഷം റിസർവായും 10 വർഷം റെഗുലറായും കരസേനയിൽ ജോലി നോക്കി. 1983 മാർച്ച് 29നാണ്​ വിരമിച്ചത്. നാട്ടിലെത്തിയ ശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവറായി ജോലി നോക്കിയ ഇദ്ദേഹം ഇപ്പോൾ കുടുംബവുമൊത്ത് വിശ്രമജീവിതത്തിലാണ്. കഥാകൃത്തും സാഹിത്യകാരനുമായ പൂച്ചാക്കൽ ഷാഹുലി​ൻെറ സഹോദരി പി.എ. ഫാത്തിമയാണ് ഭാര്യ. രഹന, രാജ്​വി, മുജീബ് എന്നിവർ മക്കളാണ്. ചിത്രം : 1. കെ. അബ്​ദുല്ല 2. കെ. അബ്​ദുല്ല സൈനിക വേഷത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.