തൃക്കുന്നപ്പുഴ: റോഡുണ്ടോ എന്നുചോദിച്ചാൽ ഉണ്ട്, ഗുണമുണ്ടോ എന്നുചോദിച്ചാൽ ഇല്ല. ഈ അവസ്ഥയിലാണ് പാനൂരിലെ കുറെ കുടുംബങ്ങൾ. റോഡുകൊണ്ടുള്ള ദുരിതം ഇവർ അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മാറി മാറി വന്ന ഭരണാധികാരികളാരും ഇവരുടെ പ്രശ്നം ഗൗരവമായി എടുത്തില്ല. തൃക്കുന്നപ്പുഴ പഞ്ചായത്ത് 13ാം വാർഡിൽ പാനൂർ വരവുകാട് പള്ളിക്ക് കിഴക്ക് അമ്പലാശേരി റോഡിൽനിന്ന് തെക്കോട്ട് പോകുന്ന നന്ദുകാട്-പോച്ചയിൽ റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് നാട്ടുകാർക്ക് ദുരിതം തീർക്കുന്നത്. ഏഴ് വർഷം മുമ്പാണ് ഗുണഭോക്താക്കളായ ചിലർ ലക്ഷങ്ങൾ ചെലവഴിച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് കൊല്ലത്തിനുശേഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒന്നാം ഘട്ടമെന്ന നിലയിൽ കരിങ്കല്ലും ഗ്രാവലും അടങ്ങുന്ന മിശ്രിതം ഇറക്കി റോഡിന് രൂപം നൽകി. എന്നാൽ, വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ദുർബല ഭാഗങ്ങളിൽ ഇടിഞ്ഞുതാഴ്ന്ന് റോഡ് കുണ്ടും കുഴിയുമായി. മഴക്കാലമായാൽ റോഡ് വെള്ളക്കെട്ടായി മാറും. കഴിഞ്ഞ വലിയ മഴയിൽ ഇവരുടെ ദുരിതം ഇരട്ടിയായി. നാലുവർഷമായി പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. അമ്പതിലേറെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. നിലവിൽ കാൽ നടപോലും ദുഷ്കരമാണ്. വയോജനങ്ങളും സ്കൂളിലും മദ്റസകളിലും പോകുന്ന കുട്ടികളുമാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. വാഹനയാത്ര സാഹസമാണ്. വാഹനങ്ങൾ ദൂരെ വെച്ച് നടന്നാണ് ആളുകൾ സഞ്ചരിക്കുന്നത്. ഓട്ടോപോലും ഈ ഭാഗത്തേക്ക് ഓട്ടം വിളിച്ചാൽ വരില്ലെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ ഓടാതായതോടെ റോഡ് പലയിടത്തും കാട് കയറിത്തുടങ്ങി. റോഡ് ഉടൻ ടാർ ചെയ്യുമെന്ന് പഞ്ചായത്ത് ഭരണാധികാരികൾ പലതവണ ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി റോഡ് ഗ്രാവൽ ഇട്ട് ഉയർത്താനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് അംഗം പടന്നയിൽ മുഹമ്മദുകുഞ്ഞ് പറഞ്ഞു. പണി ഉടൻ ആരംഭിക്കും. അടുത്ത പദ്ധതിയിൽ റോഡ് ടാർ ചെയ്യുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.