* 111.02 കോടിയുടെ കൃഷി നാശം * 21 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ക്യാമ്പ് ചെയ്യുന്നു lead ആലപ്പുഴ: ജില്ലയിൽ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വെള്ളമിറങ്ങിയിട്ടില്ല. രണ്ടു ദിവസമായി ജില്ലയിൽ ശക്തമായി തുടർന്ന മഴ തിങ്കളാഴ്ച ഏറിയും കുറഞ്ഞും നിന്നു. കാവാലം, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം എന്നിവിടങ്ങളിലെല്ലാം അപകടനിലക്ക് മുകളിലാണ് വെള്ളം. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മുട്ടാര്‍, തലവടി പഞ്ചായത്തുകളില്‍ ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി. അപ്പര്‍കുട്ടനാട്ടിലെ എടത്വാ, തകഴി പഞ്ചായത്തുകളിലും നിരവധി വീടുകള്‍ വെള്ളത്തിലായി. ദുരിതാശ്വാസ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ മാറ്റി. ചക്കുളത്ത് ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ആരംഭിച്ചു. നാല് കുടുംബങ്ങള്‍ ഇവിടേക്ക് മാറിയിട്ടുണ്ട്. ആട്, പശു തുടങ്ങിയവയെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റി. കിടപ്പുരോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. റവന്യൂ, പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നു. പൊതുവഴികള്‍ വെള്ളത്തില്‍ മുങ്ങിയതോടെ യാത്ര ദുരിതവും ഇരട്ടിയായി. തലവടി കുതിരച്ചാല്‍ കോളനിയിലെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി ആളുകളാണ് കോളനിയില്‍ ഒറ്റപ്പെട്ടത്. അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം ആദ്യം വിതക്കുന്ന സ്ഥലമായി കുതിരച്ചാല്‍ കോളനി മാറിയിട്ടുണ്ട്. പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരങ്ങളിലും പുഞ്ചകൃഷി ആരംഭിക്കാത്ത പാടശേഖര നടുവിലും താമസിക്കുന്നവര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. നദിയിലെ ഒഴുക്കും ശക്തിപ്രാപിച്ചു. പുഞ്ചകൃഷിക്ക് പാടം വറ്റിച്ച സ്ഥലത്തെ താമസക്കാര്‍ക്ക് മാത്രമാണ് അൽപം ആശ്വാസം. ഒക്ടോബര്‍ ഒന്നു മുതല്‍ തിങ്കളാഴ്ചവരെ ജില്ലയില്‍ 111.02 കോടിയുടെ കൃഷിനാശമുണ്ടായാണ് കണക്ക്. 21,709 ഹെക്ടറിലെ കൃഷി നശിച്ചു. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ഡി.ആര്‍.എഫിൻെറ 21 അംഗസംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പള്ളാത്തുരുത്തി, തോട്ടപ്പള്ളി, തണ്ണീര്‍മുക്കം, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. -------------- 45 ദുരിതാശ്വാസ ക്യാമ്പ്; അന്തേവാസികൾ 1376 പേർ ആലപ്പുഴ: തിങ്കളാഴ്ച വൈകുന്നേരം വരെ ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 450 കുടുംബങ്ങളിലെ 1376 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കുട്ടനാട് താലൂക്കില്‍ 51 ഗ്രൂവല്‍ സൻെററുകളില്‍നിന്ന് 1141 കുടുംബങ്ങളിലെ 4599 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ തിങ്കളാഴ്ചത്തെ മഴലഭ്യത (മില്ലീമീറ്ററില്‍): ചേര്‍ത്തല -19.4, മാവേലിക്കര -88.2, കാര്‍ത്തികപ്പള്ളി -45.2, മങ്കൊമ്പ് -34, കായംകുളം -93 --------- താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം ആലപ്പുഴ: കനത്ത മഴയും കിഴക്കന്‍ മേഖലയില്‍നിന്നുള്ള നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍. കലക്ടറേറ്റിൽ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചന്‍കോവില്‍, പമ്പ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. പകര്‍ച്ചവ്യാധി സാധ്യതയുള്ളതിനാല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ താമസിക്കുന്നവരെ നിര്‍ബന്ധപൂര്‍വം ക്യാമ്പുകളിലേക്ക് കൊണ്ടുവരില്ല. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഗ്രൂവല്‍ സൻെററുകള്‍ ആരംഭിക്കണം. നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്തുന്നതിന് ചൊവ്വാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം നടക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, ശുദ്ധജലം, ശുചിത്വം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണം. രോഗങ്ങള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പിൻെറ ജാഗ്രത സംവിധാനം പ്രവര്‍ത്തിക്കണം. ഡി.എം.ഒയുടെ നേതൃത്വത്തില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കണം. ക്യാമ്പുകളിലെ മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യണം. ആവശ്യമുള്ള ക്യാമ്പുകളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിച്ച് നല്‍കണം. ജലനിരപ്പ് ഉയരുന്ന മേഖലകളില്‍ ആളുകള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കുന്നതിന് കെ.എസ്.ഇ.ബി ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മുന്നൊരുക്കം കലക്ടര്‍ എ. അലക്സണ്ടർ വിശദീകരിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.