ചേർത്തല താലൂക്ക്​ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നു

ചേര്‍ത്തല: കോവിഡ് സാഹചര്യത്തിൽ അടഞ്ഞുകിടന്ന താലൂക്ക് ആശുപത്രിയില്‍ എട്ടു മുതല്‍ എല്ലാ പ്രത്യേക വിഭാഗങ്ങളിലും കിടത്തിച്ചികിത്സ ആരംഭിക്കാൻ തീരുമാനം. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇതുസംബന്ധിച്ച ഉത്തരവ് നല്‍കി. ഒന്നര വര്‍ഷമായി ആശുപത്രിയിൽ കോവിഡ് ചികിത്സ മാത്രമായിരുന്നു. ഗൈനക്കോളജിയും ഡയാലിസിസ് യൂനിറ്റും മാത്രമാണ് ഇതിനു പുറമെ പ്രവര്‍ത്തിച്ചിരുന്നത്. മറ്റു ചികിത്സകള്‍ തുടങ്ങുന്നതി​ൻെറ ഭാഗമായി ഒക്​ടോബർ മുതല്‍ കോവിഡ് കേന്ദ്രത്തില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതു നിര്‍ത്തിയിരുന്നു. ഇതിനൊപ്പം കോവിഡ് അനുബന്ധ ചികിത്സക്കായുള്ള ട്രയാഗ് സംവിധാനവും നിര്‍ത്താനാണ് തീരുമാനം. ആശുപത്രിയില്‍ മറ്റു വിഭാഗങ്ങളില്‍ ചികിത്സ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കോവിഡ് കേന്ദ്രം മൂന്ന് നാലു വാര്‍ഡുകളില്‍ 50 കിടക്കകളില്‍ ക്രമപ്പെടുത്തി മറ്റു ചികിത്സകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, ആനുപാതികമായി ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്ത സാഹചര്യത്തിലാണ് പൂര്‍ണമായും നിര്‍ത്തുന്ന തീരുമാനത്തിലേക്ക്​ എത്തിയത്. ആശുപത്രിയിലെ സ്‌പെഷലിസ്​റ്റ്​ ഡോക്ടര്‍മാരെ മറ്റുവിഭാഗങ്ങളിലേക്കു തിരികെ കൊണ്ടുവരുമ്പോള്‍ കോവിഡ് കേന്ദ്രത്തിലേക്ക് എട്ട് ഡോക്ടര്‍മാരെ പ്രത്യേകമായി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. മറ്റു ചികിത്സകളില്ലാത്തതിനാല്‍ സാമ്പത്തികമായും ആശുപത്രി പ്രതിസന്ധിയിലായി. ആശുപത്രി വികസന സമിതിക്ക് ഒരുകോടിയിലധികം രൂപയുടെ വരുമാനനഷ്​ടമാണ് കോവിഡ് ചികിത്സ കേന്ദ്രമായി മാറ്റിയതോടെ ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.