ഉത്സവത്തിനിടെ സംഘർഷം; ഉത്സവ കമ്മിറ്റി പ്രസിഡൻറിന്​ പരിക്കേറ്റു

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. ദീപാവലി ഉത്സവ കമ്മിറ്റി പ്രസിഡൻറ് ഗോപിനാഥൻ നായർക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹൈകോടതി നിർദേശത്തെതുടർന്ന് പുറത്തായ മുൻ ഭക്തജന സമിതി പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ ഉത്സവകമ്മിറ്റിയുടെയോ ഹൈകോടതി കമീഷ​ൻെറയോ അനുമതിയില്ലാതെ ഊട്ടുപുരയിൽ അന്നദാനത്തിന്​ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കോവിഡ് സാഹചര്യത്തിൽ പൊതുവായ അന്നദാനത്തിന് നിരോധനമുള്ളപ്പോഴാണ് അനുമതിയില്ലാതെ മുൻ ഭാരവാഹികൾ അന്നദാനം നടത്തിയത്. മൂവായിരത്തോളം പാക്കറ്റ് ചോറാണ് ഇവിടെ വിതരണം ചെയ്യാൻ ശ്രമിച്ചത്. ഇതോടെ വൻ തിക്കും തിരക്കും അനുഭവപ്പെട്ടു. ഇത് ഉത്സവ കമ്മിറ്റി അംഗങ്ങളും ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷനും ചോദ്യംചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് പൊലീസെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിടുകയും പൊലീസി​ൻെറ നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം നടത്തുകയും ചെയ്തു. സമാധാനപരമായി നടന്ന ഉത്സവത്തിൽ സംഘർഷമുണ്ടാക്കി അലങ്കോലമാക്കാൻ ശ്രമിച്ചതിലും ഹൈകോടതി നിർദേശങ്ങൾ പാലിക്കാതിരുന്നതിലും ഉത്സവ കമ്മിറ്റി ഭാരവാഹികളായ മുരളീകൃഷ്ണൻ, ബാലേഷ് ബാലപ്പൻ, വേണുഗോപാൽ, രാമസ്വാമി, മുകുന്ദൻ നായർ തുടങ്ങിയവർ പ്രതിഷേധിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.