ആലപ്പുഴ: ആലപ്പുഴയിൽ ഭീതിപരത്തി 'തെരുവുനായ്ക്കൾ' നിരത്തുകൾ കൈയടക്കി. മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ ഒത്തുചേർന്നാണ് ഇവയുടെ വിളയാട്ടം. സൈക്കിളിൽ ട്യൂഷനുപോയ പത്താം ക്ലാസ് വിദ്യാർഥി അഹമ്മദ് അഹദിനെ തെരുവുനായ്ക്കൾ ആക്രമിച്ച് നിയന്ത്രണംവിട്ട് കനാലിൽ വീണ് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. ഈമാസം എട്ടിന് രാവിലെ 6.30നായിരുന്നു സംഭവം. സൈക്കിളിൽ ട്യൂഷന് പുറപ്പെട്ടപ്പോൾ സബ് ജയിൽ കവാടത്തിനുമുന്നിൽ വെച്ചാണ് കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇതുകണ്ട് ഭയന്ന് സൈക്കിൾ വേഗത്തിൽ ചവിട്ടിയപ്പോൾ നിയന്ത്രണംവിട്ട് സമീപത്തെ കനാലിൽ വീഴുകയായിരുന്നു. പുലർച്ച മീൻപിടിക്കാനെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്. വിഷയത്തിൽ ഇടപെട്ട ജില്ല ലീഗൽ സർവിസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടിയ വിദ്യാർഥികളുടെ പരാതിയിൽ നടപടിയുണ്ടാകുമെന്നും നായ്ശല്യം നിയന്ത്രിക്കാൻ യോഗം വിളിക്കാനും കലക്ടർ വി.ആർ. കൃഷ്ണതേജയും ഉറപ്പുനൽകി. നഗരത്തിന്റെ പലഭാഗങ്ങളിലും ജനജീവിതത്തെ ഭീതിയിലാക്കിയാണ് നായ്ക്കൾ ജീവനുനേരെ കുരച്ചുചാടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇവയുടെ ശല്യം രൂക്ഷമാണ്. ആലപ്പുഴ കടപ്പുറത്ത് ആരെയും വകവെക്കാതെയാണ് ഇവ വിഹരിക്കുന്നത്. പലരും ഭക്ഷണം നൽകുന്നതും ചില മേഖലയിൽ ഇവയുടെ ശല്യം വർധിക്കാനിടയാക്കിയെന്നും ആക്ഷേപമുണ്ട്. രാത്രിയും തെരുവുനായ് ശല്യം രൂക്ഷമാണ്. ഭീതിയോടെയാണ് പ്രഭാതസവാരിക്ക് പലരും ഇറങ്ങുന്നത്. തെരുവുനായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തിൽ വന്ധ്യംകരണ പദ്ധതി ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സഞ്ചാരികൾ ഏറെയെത്തുന്ന ആലപ്പുഴ ബീച്ച്, വിജയ് പാർക്ക് പരിസരം, റിക്രിയേഷൻ ഗൗണ്ട്, ഇ.എം.എസ് സ്റ്റേഡിയം, വനിത-ശിശു ആശുപത്രി, ജനറൽ ആശുപത്രി, ഇ.എസ്.ഐ എന്നിവയുടെ പരിസരം, കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ, കളർകോട്, കൊമ്മാടി, ചാത്തനാട്, വഴിച്ചേരി അടക്കമുള്ള സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യമേറെയുള്ളത്. ഇരുചക്ര വാഹനയാത്രക്കാരെയും കാൽനടക്കാരുമാണ് കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്. ബീച്ചിൽ പ്രഭാതസവാരിക്കിറങ്ങിയ നിരവധിപേരെ ഓടിച്ചിട്ട് തെരുവുനായ്ക്കൾ കടിച്ച സംഭവമുണ്ടായിട്ടുണ്ട്. എ.ബി.സി പദ്ധതി നിലച്ചു; നായ്ക്കൾ പെരുകി തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കിയ അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി മുടങ്ങി. കുടുംബശ്രീ വഴി നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ഹൈകോടതി ഉത്തരവിനെ തുടർന്ന് അംഗീകൃത ഏജൻസികൾ വഴി പദ്ധതി നടപ്പാക്കണമെന്ന കോടതി ഉത്തരവാണ് പദ്ധതി നടത്തിപ്പിന് തിരിച്ചടിയായത്. ഇതിന് പുറമെ മുൻകാലങ്ങളിൽ പിടികൂടിയതിന്റെ പണം ലഭിക്കാനുണ്ടെന്നും പരാതികളുണ്ട്. തെരുവുനായ്ക്കളെ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ വളർത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. എ.ബി.സി പദ്ധതിയിൽ പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണമെന്നാണ് വ്യവസ്ഥ. എന്നാൽ, നഗരസഭയുടെ പരിധിയിൽ വരുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച ശേഷം കടപ്പുറം ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. ഇതാണ് കടപ്പുറം അടക്കമുള്ള മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം കൂടാൻ കാരണം. കുടുംബശ്രീ വനിതകളും വെറ്ററിനറി ഡോക്ടറും ചേർന്ന സംഘമാണ് നായ്ക്കളെ പിടികൂടുന്നത് മുതൽ വന്ധ്യംകരണം നടത്തി തിരികെ എത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കെ.എസ്.ആർ.ടി.സി 'താവളം'; 17 പേർക്ക് കടിയേറ്റു തെരുവുനായ്ക്കളുടെ താവളമാണ് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഡിപ്പോയിലെ ജീവനക്കാർക്കും യാത്രക്കാർക്കും ഉൾപ്പെടെ 17 പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. സ്റ്റാൻഡിൽ യാത്രക്കാരുടെ വിശ്രമസ്ഥലവും ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും പരിസരവുമാണ് ഇവയുടെ വിഹാരകേന്ദ്രം. യാത്രക്കാർ ബസുകളിൽ കയറുന്നത് തെരുവുനായ്ക്കളെ ഭയന്നാണ്. രാത്രിയാണ് ശല്യമേറെ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ബൈക്കിൽ ഈ വഴി പോയാൽ കൂട്ടത്തോടെയാവും ആക്രമണം. കഴിഞ്ഞ ദിവസം ആക്രമണത്തിൽ നിയന്ത്രണംവിട്ട സ്കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് അപകടത്തിൽപെട്ടിരുന്നു. APL Theruvunaaya ആലപ്പുഴ ബീച്ചിന് സമീപത്ത് കൂട്ടമായി നിൽക്കുന്ന തെരുവുനായ്ക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.