ഓണവിപണി തിരിച്ചുപിടിക്കാൻ കച്ചവടക്കാർ; ഓഫർ​ 'പെരുമഴ'​

ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളും സമ്മാനങ്ങളും ആലപ്പുഴ: കോവിഡിലും വെള്ളപ്പൊക്കത്തിലും ​​രണ്ടുവർഷം നഷ്ടമായ 'ഓണവിപണി' തിരിച്ചുപിടിക്കാൻ കച്ചവടക്കാർ. സെപ്​റ്റംബർ എട്ടിനാണ് തിരുവോണം. കഴിഞ്ഞ വർഷങ്ങളിലെ ഓണം കലണ്ടറിലൊതുങ്ങിയപ്പോൾ വ്യാപാരികൾക്ക്​ കനത്ത നഷ്ടമാണുണ്ടായത്​. വസ്ത്രശാലകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, വാഹന വിപണി, കൺസ്യൂമർഫെഡ്‌, സപ്ലൈകോ, ഹോർട്ടികോർപ്‌, കുടുംബശ്രീ അടക്കമുള്ള മേഖകളിലും ഉണർവുണ്ട്​. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്​. ഗൃഹോപകരണ, വാഹന വിപണികളിൽ ഓണം ഓഫറുകൾ കളംനിറയുകയാണ്. വസ്ത്രവ്യാപാര മേഖലയിൽ ഏറ്റവും പുതിയ ട്രെൻഡുകളാണുള്ളത്​. ഓൺലൈൻ സൈറ്റുകളിൽ ഓഫറുകൾ ഏറെയുണ്ട്​. ആഘോഷദിനങ്ങളെ വരവേൽക്കാൻ ഉപ്പേരി, ശർക്കരവരട്ടി നിർമാണ കേന്ദ്രങ്ങളും സജീവമാണ്​​. ഏത്തക്കാക്കും വെളിച്ചെണ്ണക്കും വില കുതിക്കുമ്പോൾ ഉപ്പേരിയുടെ വില ഇനിയും കൂടൂം. വിൽപന ഉയർന്നതോടെ കൂടുതൽ സ്റ്റോക്ക്​ എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്​ പല സ്ഥാപനങ്ങളിലും താൽക്കാലികമായി കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ബേക്കറിയിലും കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിലും ഉപ്പേരി, ശർക്കരവരട്ടി വിൽപനയും സജീവമാണ്​. ഒത്തുചേർന്ന്​ പൂക്കളമൊരുക്കാം... മുൻവർഷങ്ങളിൽനിന്ന്​ വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഓണാഘോഷം ഇക്കുറി പൊടിപൊടിക്കുമ്പോൾ പൂക്കൾ തന്നെയാണ്​ താരം. കച്ചവടം വർധിച്ചതിനാൽ വ്യാപാരികൾ കൂടുതൽ പൂക്കൾ സംഭരിച്ചാണ്​ വിപണി സജീവമാക്കുന്നത്​. ഇത്തവണ ആലപ്പുഴ നഗരസഭയിലും കഞ്ഞിക്കുഴിയിലും പൂക്കളമൊരുക്കാൻ ബന്ദി പൂക്കൾ തയാറായിട്ടുണ്ട്​. തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. ആലപ്പുഴ നഗരകവാടമായ എസ്.ഡി കോളജിന് മുന്നിലെ ബൈപാസ് ഡിവൈഡറിലെ പൂന്തോട്ടമടക്കമുള്ളവ ഓണമടുക്കുമ്പോൾ വിളവെടുക്കാൻ പാകമാകും. അന്തർസംസ്ഥാനങ്ങളിൽനിന്ന്​ എത്തുന്ന പൂക്കളുടെ വില കൂടുമെന്ന്​ വ്യാപാരികൾ പറഞ്ഞു. ​തെങ്കാശ്ശി, മധുര, തോവാള, ശങ്കരൻകോവിൽ, ഡിണ്ടിഗൽ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിൽ പൂക്കൾ കൂടുതലായും എത്തുന്നത്​. മഞ്ഞ ബന്ദി: 150, ഓറഞ്ച് ബന്ദി: 130, പിങ്ക് അരളി: 250, വെള്ള അരളി: 400, ചുവന്ന അരളി: 400- 450, മുല്ല: 600-700, വാടാമുല്ല: 250, റോസ്: 300, വെള്ള ജമന്തി: 350 എന്നിങ്ങനെയാണ്​ മാർക്കറ്റ്​ വില. വസ്ത്രവിപണിയിലും തിരക്ക്... ഓണാഘോഷത്തിന്​ മികവുകൂട്ടാൻ വസ്ത്രവിപണിയിൽ വൻ തിരക്ക്​. ചിങ്ങമാസത്തിൽ വിവാഹങ്ങൾ ഏറെയുള്ളതിനാലാണ്​ കൂടുതൽ തിരക്ക്​ അനുഭവപ്പെടുന്നത്​. ഓണാഘോഷങ്ങൾക്ക്​ പൊലിമ പകരുന്ന കസവ് വസ്ത്രങ്ങൾക്കാണ് കൂടുതൽ പ്രിയം. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. ഇത്തവണ കസവ്​ സാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്‍റ്​ വർക്കുകളും നിറഞ്ഞതുമാണ് പുതിയരീതി. 750 മുതൽ 20,000 രൂപ വരെയാണ്​ കസവ്​ സാരികളുടെ വില. മ്യൂറൽ ചിത്രങ്ങളിലെ ഷർട്ടുകളാണ്​ താരം. ഷർട്ടിൽ മ്യൂറൽ ചിത്രം വരച്ചെടുക്കാൻ 1000 രൂപ കൂടുതൽ നൽകണം. ഷർട്ടിൽ മാത്രമല്ല, 1200 മുതൽ 5000 രൂപവരെ വരുന്ന പ്രിന്‍റഡ്​ സാരികളിലും മ്യൂറലുകൾ ചെയ്യുന്നുണ്ട്​. കാമ്പസുകൾ ഉണർന്നതോടെ ഓണാഘോഷത്തിന്​ ഒരേ നിറത്തിലും വസ്ത്രങ്ങൾക്കാണ്​ പ്രിയം. ആഘോഷങ്ങൾക്ക്​ 'ലുക്ക്' കൂട്ടുന്ന കോട്ടൺ കുർത്തകൾക്കും ഡിമാൻഡാണ്​. APL textiles alappuzha ഓണത്തിരക്ക്​... ആലപ്പുഴ മുല്ലക്കലിലെ തുണിക്കടയിലെ തിരക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.